ഭർത്താവ് നടത്തിയ കൊലയ്‌ക്ക് പകരമായി ഭാര്യയെ വെട്ടിക്കൊന്നു; അഞ്ചു പേർ അറസ്റ്റിൽ

Published by
Janam Web Desk

ചെന്നൈ: അമ്പത്തൂരിൽ ഞായറാഴ്ച വൈകുന്നേരം 27 കാരിയായ യുവതിയെ ഏഴംഗ സംഘം വെട്ടി കൊലപ്പെടുത്തി. ടിപി ചത്തിരം സ്വദേശിനിയായ എസ് നന്ദിനി യാണ് കൊല്ലപ്പെട്ടത്. ഇവർ ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഐസിഎഫ് കോളനിയിൽ ‘ബോണ്ട’ ബാലാജി എന്നയാളെ 2020-ൽ കൊലപ്പെടുത്തിയ കേസിൽ ഇവരുടെ ഭർത്താവ് സതീഷ് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. സതീഷ് ജയിലിലായപ്പോൾ നന്ദിനി ടിപി ചത്തിരത്തിലേക്ക് മാറി. ബാലാജിയെ സതീഷ് കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് നന്ദിനിയുടെ കൊലപാതകമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു.

2020 നവംബറിൽ ഐസിഎഫ് കോളനിയിലെ സൂര്യ എന്നയാൾ സതീഷിൽ നിന്ന് ഒരു ചെയിൻ തട്ടിയെടുത്തത്തിൽ നിന്നാണ് പോരിന്റെ തുടക്കം. ഇത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു, ഏതാനും ആഴ്ചകൾക്ക് ശേഷം സതീഷ് എതിരാളി സംഘത്തിൽപ്പെട്ട ബാലാജിയെ കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. നന്ദിനിയെ കൊലപ്പെടുത്താൻ നേരത്തെ പലതവണ ശ്രമിച്ചെങ്കിലും പാഴായതായി പൊലീസ് പറഞ്ഞു.

നന്ദിനിയുടെ ഇളയ സഹോദരൻ മദൻ ശനിയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഞായറാഴ്ച സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ നന്ദിനിയും സുഹൃത്ത് കാവ്യയും പോയിരുന്നു. ചടങ്ങുകൾക്ക് ശേഷം നന്ദിനി റോഡിലൂടെ തിരികെ നടക്കുമ്പോൾ ഐസിഎഫ് കോളനിയിൽ വച്ച് ഏഴംഗ സംഘം വഴിതടയുകയായിരുന്നു, സംഘം നന്ദിനിയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയ ശേഷം മോട്ടോർ സൈക്കിളിൽ കയറി രക്ഷപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നന്ദിനിയുടെ മൃതദേഹം കണ്ടെത്തി. സ്ഥലത്തെത്തിയ ഡോക്ടർമാർ യുവതി മരിച്ചതായി സ്ഥിരീകരിച്ചു.

അമ്പത്തൂർ ഇൻഡസ്ട്രിയൽ പോലീസ് കേസെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം സ്റ്റാൻലി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.ബാലാജിയുടെ സഹോദരങ്ങളായ അറുമുഖം, ശ്രീനിവാസൻ എന്നിവരുൾപ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

 

 

Share
Leave a Comment