മോഹൻലാൽ ചിത്രം നേര് നാളെ തീയേറ്ററുകളിൽ എത്തുകയാണ്. ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘പ്രിയപ്പെട്ട സഹോദരൻ ലാലിന് എല്ലാവിധ ആശംസയും നേരുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് നേരിന്റെ പോസ്റ്റർ മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കോർട്ട് റൂം ഡ്രാമയായാണ് ചിത്രം എത്തുന്നത്. തുമ്പ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഒരു പ്രധാന കേസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വർഷങ്ങൾക്ക് ശേഷം പ്രാക്ടീസ് ഇല്ലാതെ ഒരു വക്കീൽ കേസ് ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രമെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന.
സിദ്ദിഖ്,ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ശാന്തി മായാദേവിയാണ്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായാദേവി.