ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ മൊഴി മാറ്റി പറയാൻ അർജുൻ പറഞ്ഞിരുന്നതായി ആറു വയസുകാരിയുടെ സഹോദരൻ. പോലീസ് എത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് അർജുൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.
പോലീസ് സ്റ്റേഷൻിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ അർജുൻ ഭയപ്പെട്ടിരുന്നതായും സഹോദരൻ പറഞ്ഞു. ടിവി കാണുകയായിരുന്നു സഹോദരി. ഓൺലൈൻ ക്ലാസ് തുടങ്ങിയ സമയത്താണ് അശോക് എന്ന സുഹൃത്ത് മുടി വെട്ടാനായി എത്തിയത്. വെള്ളവും ചീർപ്പും കത്രികയുമെടുത്ത് പുറത്ത് പോയതായി സഹോദരൻ പറഞ്ഞു. സുഹൃത്തായ സുജിനും അർജുനും തനിക്ക് ഒപ്പുമുണ്ടായിരുന്നുവെന്നും ആറുവയസുകാരിയുടെ സഹോദരൻ പറയുന്നു.
പിന്നീട് സുജിനെ പാഷൻഫ്രൂട്ട് പറിക്കാൻ വേണ്ടി അർജുൻ പറഞ്ഞുവിട്ടു. സുജിൻ തിരിച്ചുവന്നപ്പോൾ പാഷൻ ഫ്രൂട്ടുമായി അർജുൻ വീടിന് അകത്തേക്ക് പോയി. പിന്നീട് ശബ്ദം പോലും കേട്ടില്ല. ഓൺലൈൻ ക്ലാസ് മൂന്നരയോടെയാണ് തീർന്നതെന്നും ആ സമയത്തേക്ക് മുടിയും വെട്ടി തീരാറായിരുന്നു. ഏറെ നേരം കാണാതായ അർജുൻ ആ സമയത്താണ് തിരികെ വന്നത്. മുടിവെട്ടുന്ന സമയത്ത് ഓൺലൈൻ ക്ലാസ് തീരുന്ന വരെ നാല് പേരും ഒരുമിച്ചായിരുന്നു എന്ന് പറയാൻ അർജുൻ നിർബന്ധിച്ചു. പാഷൻ ഫ്രൂട്ടിന്റെ കാര്യം പോലീസിനോട് പറയരുതെന്നും അർജുൻ ആവശ്യപ്പെട്ടിരുന്നുവെന്ന് സഹോദരൻ പറയുന്നു.
കുട്ടിയുടെ ശരീരത്തിൽ നഖത്തിന്റെ പാടുകളുണ്ടെന്നും മുടി കിട്ടിയെന്നും അറിഞ്ഞതോടെ അർജുൻ വല്ലാകതെ ഭയന്നിരുന്നുവെന്ന് സഹോദരൻ പറയുന്നു. കുഞ്ഞിന്റെ ശരീരത്തിലെ നഖത്തിന്റെ കാര്യം വന്ന് ചോദിച്ചു. കൈയിൽ നഖമുണ്ടെന്ന് പറഞ്ഞ് പേടിച്ച് അർജുൻ കൈ കാണിച്ച് തന്നുവെന്ന് സഹോദരൻ ഓർമ്മിക്കുന്നു. നഖം മുറിച്ച് കൊടുക്കാനും മുടി വെട്ടി കൊടുക്കാനും പറഞ്ഞപ്പോൾ അവൻ ഭയന്ന് വിറയ്‌ക്കുന്നുണ്ടായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.















