പ്രേക്ഷകർ ഒന്നടങ്കം മോഹൻലാലിന്റെ തിരിച്ചു വരവിനെ ആഘോഷമാക്കിയിരിക്കുകയാണ്. നേരിൽ മോഹൻലാൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വിജയ മോഹനായി ജീവിക്കുകയായിരുന്നുവെന്നാണ് ചിത്രം കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. ഇന്നലെ മുതൽ നിരവധി പേരാണ് മോഹൻലാലിനും ജീത്തു ജോസഫിനും അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുന്നത്. മോഹൻലാലിന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ പ്രിയദർശനും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്.
പ്രതിഭക്ക് ഒരിക്കലും മങ്ങലേല്‍ക്കില്ല, മോഹൻലാലിന്റെ കഴിവിനെ ജീത്തു നല്ലതുപോലെ ഉപയോഗിച്ചു. നേരിന്റെ വിജയത്തിന് നിങ്ങൾക്ക് അഭിനന്ദനങ്ങളെന്നായിരുന്നു പ്രിയദർശൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
സാധാരണ ജീത്തു ജോസഫ് ചിത്രങ്ങൾ പോലെ ട്വിസ്റ്റ് പ്രതീക്ഷിക്കാതെ, നല്ലൊരു കഥയുണ്ട് എന്ന ഉറപ്പിലാണ് സിനിമ കാണേണ്ടത്. അനശ്വര രാജനെ മുൻനിർത്തി കഥ വികസിക്കുമ്പോൾ താരത്തിന് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായി എന്ന അഭിപ്രായവും പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകർ ജീത്തു ജോസഫിനെയും വാനോളം പുകഴ്‌ത്തുന്നുണ്ട്. പ്രേക്ഷകരെ മനസിലാക്കുന്ന ചുരുക്കം സംവിധായകരിൽ ഒരാൾ, പ്രേക്ഷകർക്ക് കണക്ട് ആകുന്ന തരത്തിൽ ഒരു സിനിമ എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയുന്ന സംവിധായകൻ. ഓരോ ലാലേട്ടൻ ആരാധകനും മലയാള സിനിമ പ്രേക്ഷകരും നിങ്ങളോട് വീണ്ടും കടപ്പെട്ടിരിക്കുന്നു, തുടങ്ങി നിരവധി കമന്റുകളാണ് കാണാൻ കഴിയുന്നത്.