നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകളായ ഹൻസികയെ സമൂഹമാദ്ധ്യമത്തിൽ അപമാനിച്ച റിയാസ് സലീമിനെതിരെ രൂക്ഷമായ പ്രതികരണവുമായി മറ്റ് സഹോദരിമാർ. ഹൻസിക ഹോമോഫോബിക് ആണെന്ന തരത്തിലായിരുന്നു റിയാസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. അബദ്ധം പറ്റിയതാണെന്ന് മനസ്സിലാക്കി കുറിപ്പ് റിയാസ് പിൻവലിച്ചെങ്കിലും നിരവധിപേർ റിയാസിനെതിരെ രംഗത്ത് വന്നിരുന്നു.
ഹൻസികയും സുഹൃത്തുക്കളും ചേർന്ന് കോളേജിൽ വച്ചെടുത്ത വീഡിയോക്കെതിരെ ആയിരുന്നു റിയാസിന്റെ വിമർശനം. വീഡിയോയിൽ ഹൻസികയുടെ സുഹൃത്ത് പറഞ്ഞൊരു വാക്ക് ശരിയല്ലെന്ന തരത്തിലായിരുന്നു റിയാസിന്റെ പ്രതികരണം. ‘ഹോമോഫോബിക് ആയ പദപ്രയോഗങ്ങള്‍ നടത്തുന്നത് അവരുടെ സോഷ്യൽ സ്റ്റാറ്റസ് ഉയർത്തുമെന്നാണ് ഇന്നത്തെ കുട്ടികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്’ എന്നായിരുന്നു റിയാസ് കുറിച്ചത്. എന്നാൽ താൻ തെറ്റുദ്ധരിച്ചതെന്ന് മനസിലാക്കിയതോടെ കുറിപ്പ് റിയാസ് സലീം ഡിലീറ്റ് ചെയ്യുകയായിരുന്നു.
ഈ വിഷയത്തിൽ നടിയും ഹൻസിക കൃഷ്ണയുടെ മൂത്ത സഹോദരിയുമായ അഹാന ആയിരുന്നു ആദ്യം പ്രതികരിച്ചത്. ‘അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടി കോളേജിൽ പഠിക്കുന്ന 18 കാരിയേയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളേയും വലിച്ചിഴച്ച് തരംതാഴരുത്.’ എന്നായിരുന്നു അഹാന സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചത്.
പിന്നാലെ ഇഷാനി കൃഷ്ണയും രംഗത്ത് എത്തിയിരുന്നു. സഹോദരിയെ അപമാനിക്കും മുൻപ് വസ്തുതകൾ എങ്കിലും പരിശോധിക്കണം എന്നാണ് ഇഷാനി പ്രതികരിച്ചത്. തൊട്ടു പിന്നാലെ രണ്ടാമത്തെ സഹോദരിയായ ദിയയും സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചു. ‘അനാവശ്യമായി എന്റെ കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയെ കുറിച്ച് കേട്ടാണ് ഞാൻ ഇന്ന് രാവിലെ എഴുന്നേറ്റത്. എന്നാൽ പിന്നീട് ആ പട്ടിയുടെ വാല് മുറിച്ചതായി അറിഞ്ഞെന്നായിരുന്നു ദിയ കുറിച്ചത്.
‘കൃഷ്ണാഷിയാന്‍ നമ്പര്‍ 2 ഹോമോഫോബിയ, വിഡ്ഢികളായ സുഹൃത്തുക്കളോടൊപ്പം പങ്കുവച്ച വിഡിയോ. ഇത് പുറത്തുവിടാന്‍ അവള്‍ കാണിച്ച ധൈര്യം അജ്ഞതകൊണ്ട് മാത്രമായാണ്. സ്വവര്‍ഗ പ്രണയികള്‍ക്കെതിരെ പ്രതികരണം നടത്തുന്നത് സാമൂഹത്തില്‍ തങ്ങളുടെ മാന്യത വര്‍ധിപ്പിക്കുമെന്ന് ഇന്നത്തെ കുട്ടികള്‍ തെറ്റിദ്ധരിക്കുന്നുണ്ടോ? എന്തൊരു നാണക്കേടാണിത്.’ എന്നായിരുന്നു റിയാസ് ഡിലീറ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ, പോസ്റ്റ് പിൻവലിച്ചിട്ടും തന്റെ തെറ്റ് മനസ്സിലാക്കി റിയാസ് സലിം എന്തുകൊണ്ടാണ് ക്ഷമാപണം നടത്തിയില്ലെന്നാണ് ഉയരുന്ന ചോദ്യം.















