പാരീസ്: റിപ്പബ്ലിക് ദിന ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച് ഫ്രഞ്ച് പ്രസിഡൻഷ്യൽ കൊട്ടാരം. ജനുവരി 26ന് മാക്രോൺ ന്യൂഡൽഹി സന്ദർശിക്കുമെന്നും റിപ്പബ്ലിക് ദിനാഘോത്തിൽ പങ്കെടുക്കുമെന്നും എലിസീ ഫ്രഞ്ച് പ്രസിഡൻഷ്യൽ കൊട്ടാരം അറിയിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനെ റിപ്പബ്ലിക് ദിന ചടങ്ങിലേക്ക് ആദ്യം ക്ഷണിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം യുഎസ് പ്രസിഡന്റിന് എത്താൻ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് മാക്രോണിനെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോൺ. വാലി ജിസ്ഗാർഡ്, ജാക്ക്‌സ് ഷിരാഗ്, നിക്കോളാസ് സർക്കോസി, ഫ്രാൻസിസ് ഹോളൻഡെ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച മറ്റ് ഫ്രഞ്ച് പ്രസിഡന്റുമാർ.
ഇന്ത്യയും ഫ്രാൻസും തമ്മിൽ സുദൃഢമായ സുഹൃദ് ബന്ധമാണുള്ളത്. ജി20 ഉച്ചകോടിയുടെ ഭാഗമായി മാക്രോൺ ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തിയിരുന്നു. ജൂലൈയിൽ നടന്ന ഫ്രാൻസിന്റെ ബാസ്റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി. ചടങ്ങിൽ ഇന്ത്യൻ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഫ്രഞ്ച് ആർമിക്കൊപ്പം പരേഡ് ചെയ്തിരുന്നു.















