എറണാകുളം: കണ്ണൂർ സർവ്വകലാശാലയിലെ മുൻ വിസി നടത്തിയ നിയമനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന നിയമനങ്ങളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് ഉത്തരവ്.
വിസി സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം, സർവ്വകലാശാലയിലെ നിയമനങ്ങൾക്ക് ഇന്റർവ്യൂ നടത്താൻ മറ്റൊരു പ്രൊഫസറെ ചുമതലപ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടർന്നാണ് സ്റ്റേ ചെയ്തത്. ഇന്റർവ്യൂവിൽ രണ്ടാം റാങ്ക് നേടിയ ഡോ. കെ.ബി ബിന്ദുവാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി. ഒന്നാം റാങ്ക് നൽകിയിട്ടുള്ള ഡോ. ടിപി സുദീപിന്റെ ഗവേഷണ ഗൈഡായ ജെഎൻയു അദ്ധ്യാപകനെ വിഷയ വിദഗ്ധനായി നിയമിച്ചെന്നും മുൻ വിസിക്കെതിരെ ആരോപണമുണ്ട്.
ഗോപിനാഥ് രവീന്ദ്രൻ നടത്തിയ അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കഴിഞ്ഞ ദിവസം ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു നിവേദനം നൽകിയത്. ഓൺലൈനായി നടത്തിയ ഇന്റർവ്യൂകളിൽ ദുരൂഹതയുണ്ടെന്ന് നിവേദനത്തിൽ ആരോപിച്ചിരുന്നു.
പുനർനിയമനത്തിന് ശേഷം മുൻ വി.സി ഗോപിനാഥ് രവീന്ദ്രൻ നടത്തിയ എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നും ജ്യോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ നിയമനം റദ്ദാക്കണമെന്നും അദ്ധ്യാപക നിയമനങ്ങൾ ഓൺലൈനായി നടത്തുന്ന രീതി തുടരരുതെന്നും ചാൻസലർക്കും കണ്ണൂർ വിസിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.