മലയാള സിനിമയിലെ താര രാജാക്കന്മാരെ ഒരുമിച്ച് കാണാൻ ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അതൊരു ചിത്രമാണെങ്കിൽ പോലും നിമിഷനേരങ്ങൾക്കുള്ളിൽ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടും. അത്തരത്തിലൊരു ചിത്രമാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. പ്രിയ ലാലിനൊപ്പം എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയാണ് മോഹൻലാലിനൊപ്പമുള്ള ചിതം പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിന് 1 ലക്ഷത്തിന് മുകളിൽ ലൈക്കും ആയിരത്തിനോടനുബന്ധിച്ച് ഷെയറും ആയിട്ടുണ്ട്. മലയാള സിനിമയുടെ നെടുംതൂണുകളായ നടന്മാർ എന്ന രീതിയിലാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്ന കൂടുതൽ കമന്റുകളും. മലയാളിയുടെ മനസ്സിലേക്ക് അഭിനയ പാടവം കൊണ്ട് സങ്കടവും തമാശയും പൗരുഷവും മാറി മാറി നൽകിയ ഇക്കയും ഏട്ടനും, ഈ രണ്ടു പേര് ഇല്ലെങ്കിൽ മലയാള സിനിമ ഇല്ല, അടുത്തകാലത്തൊന്നും ആ സ്പേസിലേക്ക് ആരും നോക്കണ്ട… എന്നിങ്ങനെ നിരവധിപേർ ചിത്രത്തിന് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
മോഹൻലാൽ ചിത്രം നേര് ഡിസംബർ 21-നായിരുന്നു തീയേറ്ററിലെത്തിയത്. മൗത്ത് പബ്ലിസിറ്റികൊണ്ട് നേര് ബോക്സോഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് മൂന്ന് കോടി രൂപയാണ് ചിത്രം ആദ്യദിനം നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ചിത്രം തീയേറ്ററിൽ എത്തുന്നതിന് മുൻപും മോഹൻലാലിന് ആശംസ അറിയിച്ച് സമൂഹമാദ്ധ്യമത്തിൽ മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചിരുന്നു.