കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ഇന്നലെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ സലാറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ചിരഞ്ജീവി. സമൂഹമാദ്ധ്യമമായ എകസിലൂടെയാണ് അദ്ദേഹം സലാർ ടീമിന് ആശംസകൾ അറിയിച്ചത്.
സലാർ സീസ് ഫയർ ബോക്‌സോഫീസിൽ കത്തിപ്പടരുകയാണ്. ഈ അവസരത്തിൽ പ്രിയപ്പെട്ട ‘ദേവ’യ്‌ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. സംവിധായകൻ പ്രശാന്ത് നീലിനും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ഇത്രയും വലിയൊരു നേട്ടത്തിന്റെ പ്രധാന കാരണം നിങ്ങൾ തന്നെയാണ്. വർദ്ധരാജ് മന്നാറിനെ മനോഹരമാക്കിയ പൃഥ്വിരാജിനും എന്റെ അഭിനന്ദനങ്ങൾ. ഒപ്പം ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും എന്റെ ആശംസകൾ അറിയിക്കുന്നു. ചിരഞ്ജീവി കുറിച്ചു.
Heartiest Congratulations my dear ‘Deva’ #RebelStar #Prabhas 🤗#SalaarCeaseFire has put the Box Office on Fire 🔥🔥
Kudos to Director #PrashanthNeel on this remarkable achievement. You truly excel at world building.
My love to the Superb ‘Varadaraja Mannar’ @PrithviOfficial…
— Chiranjeevi Konidela (@KChiruTweets) December 23, 2023
അതേസമയം ബോക്‌സോഫീസിൽ അതിഗംഭീര തുടക്കമാണ് സലാർ നേടിയിരിക്കുന്നത്. ആഗോളതലത്തിൽ ചിത്രത്തിന് 175 കോടി രൂപ കളക്ഷനാണ് ആദ്യദിനം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ മാത്രം ചിത്രം 95 കോടി രൂപയോളം നേടി. 1000 കോടി ക്ലബ്ബിൽ കയറിയ ഷാരൂഖ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയും മറികടന്നാണ് സലാർ ബോക്‌സോഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. പഠാൻ ആദ്യ ദിനം നേടിയത് 57 കോടി രൂപയും ജവാൻ 129 കോടി രൂപയുമായിരുന്നു.
ചിത്രത്തിൽ മാസ് ലുക്കിൽ ദേവ എന്ന കഥാപാത്രവുമായി പ്രഭാസ് എത്തിയപ്പോൾ ഇമോഷണൽ രംഗങ്ങളുമായി വർദ്ധരാജ് മാന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. വൻ ക്യാൻവാസിലാണ് പ്രശാന്ത് നീൽ സലാർ ഒരുക്കിയിരിക്കുന്നത്. ഇടവേളയ്‌ക്ക് ശേഷം സലാറിലൂടെ വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടി ശ്രുതി ഹസനും.















