ന്യൂഡൽഹി: ഇൻഡി മുന്നണിയിൽ പ്രതിഷേധത്തിന് വഴിവച്ച് ഡിഎംകെ എംപി ദയാനിധി മാരന്റെ അധിക്ഷേപ പരാമർശം. ഭാഷ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുകയും ജോലിയെ അധിക്ഷേപിക്കുകയും ചെയ്യുന്നതുമാണ് പ്രസംഗം. ഇതിന് പിന്നാലെ പ്രതിപക്ഷ മുന്നണിയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. മാരനെതിരെ ആർജെഡി നേതാവ് ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രംഗത്തുവന്നു. കടുത്ത വാക്കുകളിലാണ് അദ്ദേഹം മാരനെ വിമർശിച്ചത്. മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തേജസ്വി യാദവ്.
ഇത് അപലപിക്കേണ്ടതാണ്. ഏത് പാർട്ടിയിൽ നിന്നാണെങ്കിലും ഇത്തരം വാക്കുകൾ എതിർക്കണം. രാജ്യം ഒറ്റക്കെട്ടായാണ് തുടരേണ്ടത്. എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെയും തങ്ങൾ ബഹുമാനിക്കുന്നു. തിരിച്ചും അതാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പരാമർശങ്ങൾ ഇനിയുണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോലിയെ അധിക്ഷേപിച്ചും ഭാഷ വേർതിരിവ് ഉയർത്തിയുമായിരുന്നു ഡിഎംകെ നേതാവിന്റെ പ്രസംഗം. ഹിന്ദി സംസാരിക്കുന്നവർ തമിഴ്നാട്ടിൽ ടോയ്‌ലറ്റുകളും റോഡുകളും വൃത്തിയാക്കുകയാണെന്നായിരുന്നു മാരന്റെ പരിഹാസം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരെ തുടർച്ചയായി ഡിഎംകെ നേതാക്കൾ അധിക്ഷേപകരമായ പരാമർശങ്ങളാണ് നടത്തുന്നത്. ഡിഎംകെ എംപി സെന്തിൽ കുമാർ പാർലമെന്റിൽ ഹിന്ദിഹൃദയ സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് അധിക്ഷപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാരന്റെ വാക്കുകൾ.















