മലയാളികൾ പ്രായഭേദമന്യേ മോഹൻലാലിനെ ലാലേട്ടനെന്നാണ് വിളിക്കാറുളളത്. കുരുന്നുകൾ മുതൽ പ്രായമായവർക്ക് വരെ അദ്ദേഹം ലാലേട്ടനാണ്. പലവേദികളിലും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ലാലേട്ടാ എന്ന വിളി തന്നെ സംബന്ധിച്ചിടത്തോളം ഒരു സൗഭാഗ്യമായാണ് കരുതുന്നതെന്ന്. വർഷങ്ങൾക്ക് മുമ്പ് തന്നെ ആരാധകർ ലാലേട്ടാ എന്ന വിളി തുടങ്ങിക്കഴിഞ്ഞിരുന്നു. എല്ലാത്തിന്റെയും തുടക്കം സർവ്വകലാശാല എന്ന ചിത്രത്തിൽ നിന്നായിരുന്നെന്നും അദ്ദേഹം പറയുന്നു

‘എന്റെ ശരിക്കുള്ള പേര് ലാലേട്ടൻ എന്നാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്ന് അദ്ദേഹം പറയുന്നു. സർവ്വകലാശാല എന്ന ചിത്രത്തിന് ശേഷമാണ് ലാലേട്ടാ എന്ന വിളി തുടങ്ങിയത്. ആ ചിത്രലെ എന്റെ കഥാപാത്രത്തിന്റെ പേര് മോഹൻലാൽ എന്നായിരുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ എന്നെ ലാലേട്ടാ എന്ന് വിളിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ചെറിയ കുട്ടികൾ മാത്രമല്ല പ്രായമായവർ വരെ എന്നെ ലാലേട്ടാ എന്ന് തന്നെയാണ് വിളിക്കുന്നത്. വളരെ അത്യപൂർവ്വമായി മാത്രമാണ് മോഹൻലാൽ എന്ന വിളി കേൾക്കാറുള്ളത്.

പ്രശസ്തരായ ഡോക്ടർമാർവരെ തന്നെ ലാലേട്ടാ എന്നാണ് വിളിക്കാറ്. ലാലേട്ടാ എന്ന് വിളിച്ച് എന്റെ മുന്നിൽ നിന്ന് ചമ്മുന്നതും ഞാൻ കണ്ടിട്ടുണ്ട്. എല്ലാവരും ലാലേട്ടാ എന്ന് വിളിക്കുന്നത് കേട്ടിട്ടാണ് ലാലേട്ടാ എന്ന് വിളിക്കുന്നതെന്ന് അവർ പറയും. അതിലൊന്നും പ്രശ്‌നമില്ലെന്ന് ഞാൻ അവരെ പറഞ്ഞ് മനസ്സിലാക്കും. കാരണം എന്റെ പേര് അങ്ങനെ തന്നെയാണ്. പ്രായമായവർ എന്നെ ലാലേട്ടായെന്ന് വിളിക്കുന്നത് ജീവിത്തിൽ കിട്ടുന്ന സന്തോഷവും അനുഗ്രഹവുമായാണ് ഞാൻ കരുതുന്നതെന്നും മോഹൻലാൽ പറഞ്ഞു.















