സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു അവൾ പോയത്. എന്നാൽ പതിനാറ് വയസ് മാത്രമുള്ള അവൾ തിരികെയെത്തിയത് മദ്യപിച്ചായിരുന്നു.. സംഭവം നാട്ടുകാരും വീട്ടുകാരും അറിഞ്ഞു.. ഇതോടെ അവളുടെ അച്ഛൻ പാലാ ജനറൽ ആശുപത്രിയിലുള്ള വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ അവളെ ചികിത്സയ്ക്കായി എത്തിച്ചു. എന്നാൽ മെഡിക്കൽ ഓഫീസറുമായുള്ള സംസാരത്തിനൊടുവിൽ വാദി പ്രതിയാകുകയായിരുന്നു.
‘സാർ ഞാൻ ജീവിതത്തിൽ ആദ്യമായാണ് ഇന്നലെ മദ്യപിച്ചത്. എന്നാൽ എന്റെ അച്ഛൻ കഴിഞ്ഞ 22 വർഷത്തോളമായി മദ്യപാനിയാണ്. ഇക്കാര്യത്തിൽ ആദ്യം അച്ഛനെയല്ലേ ചികിത്സിക്കേണ്ടത്.’ പതിനാറുകാരിയുടെ ചോദ്യത്തിന് മുന്നിൽ മെഡിക്കൽ ഓഫീസർ ഡോ.കെകെ ശ്രീജിത്തിന് ആദ്യമൊന്ന് മൗനം പാലിച്ചു.
എന്നാൽ ഒട്ടും വൈകാതെ തന്നെ ആശുപത്രി രജിസ്റ്ററിൽ നിന്നും മകളുടെ പേര് മാറ്റി അവിടെ അച്ഛന്റെ പേരെഴുതി. തുടർന്ന് ഇവിടെ അച്ഛനെ അഡ്മിറ്റാക്കുകയും ചികിത്സയോടെ മദ്യപാനം നിർത്തുകയും ചെയ്തു. എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ നടന്ന സമൃദ്ധി ഏകദിന സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.