കൊൽക്കത്ത: പാർലമെൻ്റിന് മുന്നിൽ ഉപരാഷ്‌ട്രപതിക്ക് നേരെ നടത്തിയ അധിക്ഷേപ മിമിക്രിക്ക് പിന്നാലെ ന്യായീകരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി. ഇതെല്ലാം തമാശയാണ്. അത് മനസിലാക്കൻ സാധിക്കാത്തതിന് തനിക്കെന്തു ചെയ്യാനാകുമെന്നും സംസ്കാരമുള്ളവർ മിമിക്രിയെ അഭിനന്ദിക്കുമെന്നുമാണ് ബാനർജി പ്രതികരിച്ചത്. സെറാംപൂർ മണ്ഡലത്തിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിമിക്രി ഒരു കലാരൂപമാണ്. ആർക്കെങ്കിലും കല മനസ്സിലാകുന്നില്ലെങ്കിൽ താനെന്തു ചെയ്യും. ഇത് മനസിലാക്കൻ സംസ്‌കാരമുള്ള മനസ്സില്ലെങ്കിലോ ഇത് തങ്ങളെ ലക്ഷ്യം വച്ചാണെന്ന് കരുതിയാലോ താൻ നിസ്സഹായനാണ്. ഉപരാഷ്‌ട്രപതിയുടെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പിന്നീടും തൃണമൂൽ നേതാവ് തന്റെ വാദങ്ങൾ പ്രസംഗത്തിൽ ആവർത്തിച്ചു. നിങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്ന് എന്തിനാണ് കരുതുന്നത്. രാവിലെ മുതൽ രാത്രി വരെ അദ്ദേഹം കരയുകയാണ്. ഒരു കുട്ടിയെപ്പോലെ എന്തിനാണ് നിങ്ങൾ കരയുന്നത്?. തുടർന്ന് തന്നെ കളിയാക്കുന്നതിന് അമ്മയോട് പരാതിപ്പെടുന്ന ഒരു കുട്ടിയേയും അദ്ദേഹം യോഗത്തിൽ അനുകരിച്ചു.
തൃണമൂൽ എംപിയുടെ നടപടി തന്നെ വേദനിപ്പിച്ചതായി ഉപരാഷ്‌ട്രപതി പ്രതികരിച്ചു. ജഗ്ദീപ് ധൻകർ എന്ന വ്യക്തിയെ അപമാനിച്ചതിലല്ല മറിച്ച് താൻ വഹിക്കുന്ന സ്ഥാനത്തെ അധിക്ഷേപിച്ചതിനാണ് ബാനർജിയെ വിമർശിച്ചതെന്ന് ധൻകർ പറഞ്ഞു. ജാട്ട് സമുഹത്തെയും കർഷകരെയും അപമനിക്കുന്നതാണ് എം.പിയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. മിമിക്രിയുടെ ദൃശ്യങ്ങൾ പകർത്തിയതിന് കോൺഗ്രസ് നേതാവ് രാഹുലിനെയും അദ്ദേഹം വിമർശിച്ചു.
മിമിക്രി നടപടി ഉപരാഷ്‌ട്രപതിയോടുള്ള അനാദരവാണെന്ന് ഉയർത്തിക്കാട്ടി സഭയ്‌ക്കകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു. എംംപിയുടെ നടപടി രാജ്യത്തോട് തന്നെയുള്ള അനാദരവാണെന്നും ബിജെപി പ്രതികരിച്ചു. പിന്നാലെ പ്രധാനമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയും ഉപരാഷ്‌ട്രപതിയെ നേരിട്ടെത്തി സന്ദർശിച്ചിരുന്നു.















