ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരായ പോരാട്ടം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വടക്കൻ ഗാസയിൽ ഇസ്രായേൽ സൈനികരെ സന്ദർശിച്ച ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. തന്റെ സർക്കാർ ഈ പോരാട്ടം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.
” ഞങ്ങൾ ഈ പോരാട്ടം അവസാനിപ്പിക്കില്ല. അവസാനം വരെ തുടരും. വരും ദിവസങ്ങളിലും ഹമാസിനെതിരായ പോരാട്ടം കടുപ്പിക്കും. ലക്ഷ്യം പൂർത്തിയാക്കുന്നത് വരെ യുദ്ധത്തിന് അവസാനം ഉണ്ടാകില്ലെന്നും” നെതന്യാഹു പറഞ്ഞു. ഹമാസ് ഭീകരർ ബന്ദികളാക്കിയിരിക്കുന്നവരെ സൈനിക സമ്മർദ്ദം ചെലുത്താതെ മോചിപ്പിക്കാനാകില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
കരയാക്രമണം വിപുലീകരിക്കാനാണ് നെതന്യാഹു നിർദ്ദേശം നൽകിയിരിക്കുന്നത്. സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് പരമാവധി കുറയ്‌ക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സൈന്യം സ്വീകരിക്കുന്നുണ്ടെന്നും ഇസ്രായേൽ അറിയിച്ചു. യുദ്ധമേഖലകളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാൻ സൈന്യം ശ്രമിക്കുന്നുണ്ട്. എന്നാൽ ഹമാസ് ഭീകരർ ഇതിന് തടയിടാനാണ് ശ്രമിക്കുന്നത്. സാധാരണക്കാരെ മനുഷ്യകവചങ്ങളായാണ് ഹമാസ് കാണുന്നതെന്നും സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.















