ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുൻ കാമുകി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുവെന്ന് മുൻ ഐപിഎൽ താരത്തിന്റെ പരാതി. കുടക് സ്വദേശിയായ കെ സി കരിയപ്പയാണ് യുവതിക്കെതിരെ പരാതിയുമായെത്തിയത്. കൊൽക്കത്ത നൈറ്റ് റെഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഐപിഎല്ലിൽ കരിയപ്പ കളിച്ചിട്ടുള്ളത്.
കാരണക്കാരൻ കരിയപ്പയാണെന്ന് എഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്നും ഇതോടെ ക്രിക്കറ്റ് കരിയർ അവസാനിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ബെംഗളൂരുവിലെ രാമയ്യാ ലേഔട്ടിൽ താമസിക്കുന്ന താരം, യുവതി ലഹരിയ്‌ക്ക് അടിമയായത് കൊണ്ടാണ് ബന്ധമുപേക്ഷിക്കാൻ കാരണമെന്നും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കരിയപ്പയുടെ പരാതിയിൽ പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നൽകി തന്നെ ഗർഭിണിയാക്കിയെന്നും പിന്നീട് ഗുളിക നൽകി ഗർഭച്ഛിദ്രം നടത്തിയെന്നും ആരോഹിച്ച് 2022-ൽ കരിയപ്പയ്‌ക്കെതിരെ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ താരം ഇപ്പോൾ നൽകിയ പരാതിയെ കുറിച്ച് അറിയില്ലെന്നും യുവതി വ്യക്തമാക്കി.