ന്യൂഡൽഹി: റോബർട്ട് വാദ്ര ലണ്ടനിലെ ബംഗ്ലാവ് മോടി പിടിപ്പിച്ച് താമസമാക്കിയത് കുറ്റകൃത്യത്തിൽ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ചെന്ന് ഇഡി കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പ്രതിരോധ ഇടപാടുകാരനും ലണ്ടൻ ആസ്ഥാനമായുള്ള പിടികിട്ടാപ്പുള്ളിയുമായ സഞ്ജയ് ഭണ്ഡാരിയുമായി ചേർന്ന് സമ്പാദിച്ച പണം ഉപയോഗിച്ചാണ് ലണ്ടനിൽ വാദ്ര ബംഗ്ലാവ് സ്വന്തമാക്കിയത്.
വിവാദ ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരി പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ അടുത്ത കൂട്ടാളിയാണ്. സോണിയയടുടെ മരുമകൻ റോബർട്ട് വാദ്രയുമായി ഭണ്ഡാരിക്കുള്ള ബന്ധത്തെക്കുറിച്ച് 2018 മുതൽ ഇഡി സജീവമായി അന്വേഷിക്കുന്നുണ്ട്. ഒളിവിൽപ്പോയ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിക്ക് വേണ്ടി പ്രവർത്തിച്ച സിസി തമ്പി റോബർട്ട് വാദ്രയുടെ അടുത്ത അനുയായിയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക കോടതിയെ അറിയിച്ചു.
ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂട്ടുപ്രതികളായ സിസി തമ്പി, സുമിത് ചദ്ദ എന്നിവർക്കെതിരെ ഏജൻസി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വദ്രയും സിസി തമ്പിയും ഫരീദാബാദിൽ ഒരു വലിയ ഭൂമി വാങ്ങുകയും പരസ്പരം സാമ്പത്തിക ഇടപാടുകൾ നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.
യുപിഎ സർക്കാരിന്റെ കാലത്ത് ആയുധ ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ഭണ്ഡാരി നിലവിൽ യുകെയിൽ ഒളിവു ജീവിതം നയിക്കുകയാണ്. സിസി തമ്പിയെ 2020 ജനുവരിയിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സോണിയയുടെ പേഴ്സണൽ അസിസ്റ്റന്റ് പിപി മാധവനാണ് തന്നെ വദ്രയ്‌ക്ക് പരിചയപ്പെടുത്തിയതെന്ന് തമ്പി ഏജൻസിക്ക് മൊഴി നൽകിയിരുന്നു.
യുപിഎ ഭരണകാലത്ത് ഒപ്പുവച്ച നിരവധി പ്രതിരോധ കരാറുകളിൽ നിന്ന് ലഭിച്ച കമ്മീഷനിൽ നിന്ന് ലണ്ടനിലും യുഎഇയിലും സംഘം സ്വത്തുക്കൾ വാങ്ങി കൂട്ടിയതായി ഇഡി കണ്ടെത്തിയിരുന്നു. സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യയ്‌ക്ക്് കൈമാറാൻ യുകെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ നൽകിയിരിക്കുകയാണ് ഭണ്ഡാരി. കേസിൽ ഇതുവരെ 27 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടിയിട്ടുണ്ട്















