എറണാകുളം: ചോറ്റാനിക്കരയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. എരുവേലി സ്വദേശി ഷൈജു ആണ് പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഭാര്യയായ ശാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശാരിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ തൂങ്ങിയ നിലയിൽ കണ്ടതും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് ഭർത്താവായ ഷൈജു പറഞ്ഞത്. സംഭവത്തിൽ അസ്വാഭാവികത തോന്നിയ പോലീസ്, വിശദമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
യുവതിയെ ഷാൾ കൊണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയിലെ കഴക്കോലിൽ കെട്ടിതൂക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്നെ യുവതി ആത്മഹത്യ ചെയ്തതാണെന്നു പറഞ്ഞ് മൃതദേഹം ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഭാര്യയെ ഷൈജു സംശയിച്ചിരുന്നുവെന്നും ഇതേത്തുടർന്ന് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.















