കണ്ണൂർ: ഡ്രൈവിംഗ് ലൈസൻസിന് വേണ്ടിയുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുകയാണെങ്കിലും കാഴ്ച പരിശോധനയുമായി ബന്ധപ്പെട്ട് വേണ്ടത്ര നടപടികൾ എംവിഡി കൈക്കൊള്ളാറില്ല. ഇത് മൂലം വർദ്ധിച്ചുവരുന്ന പ്രശ്‌നങ്ങളും വളരെ വലുതാണ്. കാഴ്ച പരിശോധനയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഒരു ഏജൻസി സംവിധാനം സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.
കാഴ്ച വൈകല്യമുള്ളവർക്കുൾപ്പെടെ 200 രൂപ ഫീസടച്ചാൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാഹചര്യമാണുള്ളത്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയുള്ള ഡോക്ടർമാരുടെ സമീപനം നിരവധി റോഡപകടങ്ങൾക്കാണ് കാരണമാകുന്നത്. നിലവിൽ കാഴ്ച ശക്തി പരിശോധിക്കുന്നതിനായി ഡോക്ടറെ സമീപിക്കുകയാണെങ്കിൽ സ്‌ക്രീനിൽ നോക്കി അക്ഷരങ്ങൾ വായിച്ചാൽ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുന്നു. ഇത്തരം പരിശോധനയിലൂടെ വർണ്ണാന്ധത ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ തിരിച്ചറിയാനാകില്ല.
കാഴ്ചയുമായി ബന്ധപ്പെട്ട തകരാറിനെയാണ് വർണ്ണാന്ധത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എല്ലാ നിറങ്ങളും വ്യക്തമായി തിരിച്ചറിയാൻ സാധിക്കാതെ വരുന്നു എന്നതാണ് പ്രധാന പ്രശ്‌നം. പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമുള്ളവരെ പൂർണ്ണ വർണ്ണാന്ധതയുള്ളവരായാണ് കണക്കാക്കുന്നത്. ഓറഞ്ച്, ബ്രൗൺ എന്നീ നിറങ്ങൾ ചുവപ്പ് നിറത്തിൽ കാണുന്നു എന്നത് മറ്റൊരു പ്രശ്‌നമാണ്. മറ്റ് ചിലർക്ക് പച്ച,മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ പരസ്പരം മാറാം. ഇത്തരത്തിലുള്ളവരെ ഭാഗിക വർണ്ണാന്ധതയുള്ളവരായാണ് കണക്കാക്കുന്നത്.
വർണ്ണാന്ധത ഉള്ളതിനാൽ തന്നെ ട്രാഫിക് സിഗ്നലുകളിലെ നിറങ്ങൾ തിരിച്ചറിയാനാകാതെ വരുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ദിവസേന നടക്കുന്ന അപകടങ്ങളിൽ 10 ശതമാനവും ട്രാഫിക് സിഗ്നലുകൾ തെറ്റിക്കുന്നത് മൂലം ഉണ്ടാകുന്നതാണെന്ന് അധികൃതർ സൂചിപ്പിക്കുന്നു.















