ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ പ്ലാന്റ് ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. ജനുവരിയിൽ ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ ടെസ്ല സിഇഒ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നു. ടെസ്ല മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ ഗുജറാത്ത് സർക്കാർ അംഗീകരിച്ചതായും കമ്പനി സംസ്ഥാനത്ത് പ്ലാന്റ് ആരംഭിക്കാനുളള സന്നദ്ധത അറിയിച്ചതായും അഹമ്മദാബാദ് മിറർ റിപ്പോർട്ടിൽ പറയുന്നു.
മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളായിരുന്നു കമ്പനിയുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ നിബന്ധനകൾ ഗുജറാത്ത് സർക്കാർ അംഗീകരിച്ചതോടെ പ്ലാന്റ് തുടങ്ങാൻ ഗുജറാത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതായിരുന്നു ഗുജറാത്ത് സർക്കാർ വക്താവ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലെ പ്രതികരണം. ഗുജറാത്ത് സർക്കാർ മുന്നോട്ട് വച്ച അഭിപ്രായങ്ങൾ ടെസ്ല സിഇഒ അംഗീകരിച്ചതായാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും റിഷികേഷ് പട്ടേൽ പറഞ്ഞു.
ഇന്ത്യയിലേക്ക് വാഹനങ്ങൾ ഇറക്കുമതി നടത്തി വിൽപ്പന നടത്താൻ ടെസ്ല പദ്ധതിയിട്ടിരുന്നു. എന്നാൽ മോട്ടോർ വാഹന ഇറക്കുമതി നയങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ഇന്ത്യയിൽ പ്ലാന്റ് ആരംഭിക്കാൻ കമ്പനി തീരുമാനമെടുത്തത്. രാജ്യത്ത് 200 കോടി ഡോളർ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഈ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിച്ച വേളയിൽ ടെസ്ല സിഇഒ ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ വളർച്ചയിൽ ആശ്ചര്യം പ്രകടിപ്പിച്ച അദ്ദേഹം രാജ്യത്ത് നിക്ഷേപം നടത്താനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. അടുത്ത വർഷം ജനുവരിയിൽ ഗുജറാത്തിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ബിസിനസ് സമ്മിറ്റിൽ പങ്കെടുക്കാൻ മസ്‌ക് നേരിട്ടെത്തുമെന്നാണ് ലഭിക്കുന്ന വിവരം.