ന്യൂഡൽഹി: അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ക്ഷേത്ര ഭാരവാഹികളായ സ്വാമി ഇശ്വർചരൺദാസും സ്വാമി ബ്രഹ്മവിഹാരിദാസും ബോർഡ് ഓഫ് ഡയറക്ടേഴ്സും ചേർന്നാണ് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തിയത്. അടുത്തവർഷം ഫെബ്രുവരി 14നാകും ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രിയുടെ വസതിയിൽ ബുധനാഴ്ചയായിരുന്നു ഇവരുടെ കൂടികാഴ്ച.
‘ഞങ്ങളുടെ ക്ഷണം സ്വീകരിച്ചതിനും ക്ഷേത്രത്തിന് പിന്തുണ വാഗ്ദാനം ചെയ്തതിനും പ്രധാനമന്ത്രിയോട് അതിയായ നന്ദിയുണ്ടെന്നും പ്രധാനമന്ത്രിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നതായും അവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സ്വാമി ഇശ്വർചരൺദാസ് പ്രധാനമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. അദ്ദേഹം രാഷ്‌ട്രത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് സ്വാമി പറഞ്ഞു.
തീർത്ഥാടന കേന്ദ്രങ്ങൾ വികസിപ്പിക്കാൻ മോദിസർക്കാർ നടത്തുന്ന ഇടപെടലുകളും പുതിയ ചുവട് വയ്പ്പുകളും പ്രശംസ അർഹിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു മന്ദിർ പദ്ധതിക്ക് ചുക്കാൻ പിടിച്ചവരെ പ്രധാനമന്ത്രിയും അഭിനന്ദിച്ചു. ചെയർമാൻ അശോക്, വൈസ് ചെയർമാൻ യോഗേഷ് മേഹ്ത്ത,ഡയറക്ടർ ചിരാഗ് പട്ടേൽ എന്നിവരും കൂടികാഴ്ചയിൽ പങ്കാളികളായിരുന്നു.