ഒട്ടാവ: കാനഡയിൽ ലക്ഷ്മി നാരായൺ ക്ഷേത്രം പ്രസിഡന്റിന്റെ മകന്റെ വസതിക്ക് നേരെ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്. ഹിന്ദു വ്യവസായിയായ സതീഷ് കുമാറിന്റെ മൂത്തമകന്റെ വീട്ടിന് നേരെയാണ് ആക്രമണകാരികൾ നിറയൊഴിച്ചത്. വെടിവെപ്പിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേ നഗരത്തിൽ സ്ഥിതി ചെയ്യുന്ന വീടിന് നേരെയാണ് വെടിവെപ്പുണ്ടായത്. ഡിസംബർ 27ന് രാവിലെ എട്ട് മണിയോടെ 80 അവന്യൂവിലെ 14900 ബ്ലോക്കിലാണ് സംഭവം.
മകന്റെ വീടിന് നേരെ ആക്രണകാരികൾ 14 റൗണ്ട് വെടിയുതിർത്തതായി സതീഷ് കുമാർ ദേശീയ മാദ്ധ്യമത്തിനോട് പ്രതികരിച്ചു. വെടിവെപ്പിൽ ആർക്കും പരിക്കില്ലെങ്കിലും വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളും തെളിവുകളും ശേഖരിച്ചതായും സതീഷ് കുമാർ വ്യക്തമാക്കി.സറേ പോലീസിന്റെ ആർസിഎംപി ജനറൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.