സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നടന്ന ആദ്യ ടെസ്റ്റിൽ സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിന് ഇന്ത്യയ്‌ക്ക് പിഴ. മാച്ച് ഫീയുടെ 10 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുകൾ ശിക്ഷയായും വിധിച്ചിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രണ്ട് പോയിന്റും ഇന്ത്യയ്‌ക്ക് നഷ്ടമായി. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇന്ത്യ രണ്ട് ഓവർ കുറവുവരുത്തിയെന്ന് മാച്ച് റഫറിമാരുടെ എലൈറ്റ് പാനലായ ക്രിസ് ബോഡ് വിലയിരുത്തുകയായിരുന്നു.
ഐസിസി ആർട്ടിക്കിൾ 2.22 അനുസരിച്ചാണ് സ്ലോ ഓവർ റേറ്റിന് പിഴ ചുമത്തുന്നത്. ഓരോ ഓവറിനും കളിക്കാർക്ക് അവരുടെ മാച്ച് ഫീയുടെ അഞ്ച് ശതമാനമാണ് പിഴത്തുക. കൂടാതെ, ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്ലേയിംഗ് റെഗുലേഷന്റെ ആർട്ടിക്കിൾ 16.11.2 പ്രകാരം, പൂർത്തിയാക്കാത്ത ഓരോ ഓവറിനും ഒരു പോയിന്റ് പിഴ ചുമത്തുന്നുണ്ട്. അതിനാൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റിലും രണ്ട് ഡീമെറിറ്റ് പോയിന്റുകൾ കുറഞ്ഞു. – ഐസിസി പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കുറ്റം സമ്മതിക്കുകയും പിഴ അംഗീകരിക്കുകയും ചെയ്തു. അതിനാൽ ഔപചാരിക വാദം കേൾക്കേണ്ട ആവശ്യമില്ലെന്ന് ഐസിസി വ്യക്തമാക്കി. ഓൺ ഫീൽഡ് അംപയർമാരായ പോൾ റീഫൽ, ലാംഗ്ടൺ റുസെറെ, തേർഡ് അമ്പയർ അഹ്സൻ റാസ, ഫോർത്ത് അമ്പയർ സ്റ്റീഫൻ ഹാരിസ് എന്നിവരാണ് കുറ്റം ചുമത്തിയത്.