ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ ഭീകരനുമായ ഹാഫിസ് സയീദിന്റെ പിന്തുണയുള്ള പാർട്ടി പാക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മേഖലയിൽ ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. തീവ്ര സ്വഭാവമുള്ള സംഘടനകളെ സാധാരണവത്കരിക്കുന്നത് പാകിസ്താന്റെ പതിവാണെന്ന് ചൂണ്ടിക്കാണിച്ച വിദേശകാര്യ മന്ത്രാലയം, ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവങ്ങളേയും നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.
” പാകിസ്താനിൽ ഇത്തരത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകളെ സാധാരണ രീതിയിൽ കാണുകയാണ്. അവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നു. അവരുടെ ആഭ്യന്തര കാര്യമാണത്. അതിനാൽ ഈ വിഷയത്തിൽ അഭിപ്രായം പറയേണ്ടതില്ല. പക്ഷേ പാകിസ്താനിൽ ഇത്തരത്തിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ മുഖ്യധാരയിലേക്ക് എത്തുന്നത് പുതിയ കാര്യമൊന്നുമല്ല. കുറേയേറെ നാളുകളായി അവരുടെ നയത്തിന്റെ തന്നെ ഭാഗമാണത്.
എന്നാൽ ഇത്തരം സംഭവവികാസങ്ങൾ ഇന്ത്യയുടെ സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ, ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും” അദ്ദേഹം വ്യക്തമാക്കി. ഹാഫിസ് സയീദിനെ കൈമാറണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യ പാകിസ്താന് കത്ത് നൽകിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ പണം സ്വരൂപിച്ച കേസിൽ നിലവിൽ 33 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് പാക് ജയിലിൽ കഴിയുകയാണ് ഹാഫിസ് സയീദ്.