ലക്‌നൗ: അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളമെന്ന് പേരിട്ടിരിക്കുന്ന എയർപോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാക്കിയതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യാ ചെയർമാൻ സഞ്ജീവ് കുമാർ വ്യക്തമാക്കുന്നു. വെറും 20 മാസങ്ങൾ കൊണ്ട് പണി പൂർത്തിയാക്കിയ എയർപോർട്ടാണ് അയോദ്ധ്യയിലേതെന്ന് അദ്ദേഹം വ്യക്തമാക്കി.
അയോദ്ധ്യയെ സംബന്ധിച്ചിടത്തോളം ഇവിടെ വ്യോമഗതാഗതം വിപുലീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നുനൽകുന്നതോടെ തീർത്ഥാടകരായും വിനോദസഞ്ചാരികളായും ഇനിയുമധികം പേർ അയോദ്ധ്യയിലേക്ക് എത്തും. ഈ സാഹചര്യത്തിൽ റോഡ്, റെയിൽ, വ്യോമ ഗതാഗത മാർഗങ്ങൾ നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതാണിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് സഞ്ജീവ് കുമാർ പ്രതികരിച്ചു.
വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കുന്നതോടെ നിരവധി തീർത്ഥാടകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാമക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സമീപത്തെ തീർത്ഥാടന കേന്ദ്രങ്ങളായ രാം കി പൈദിയും ഹനുമാൻഗഢും നാഗേശ്വർ നാഥ് ക്ഷേത്രവും ബിർള ക്ഷേത്രവും സന്ദർശിക്കാൻ എളുപ്പമാണ്. അയോദ്ധ്യ വിമാനത്താവളത്തിന്റെ വികസനത്തിലൂടെ വ്യാപാരവും തീർത്ഥാടന ടൂറിസവും ത്വരിതഗതിയിലാവുകയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്യും. നിലവിൽ സ്ഥാപിച്ചിരിക്കുന്ന ടെർമിനൽ ചെറുതാണെങ്കിലും ഭാവിയിൽ ഇത് നവീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏപ്രിലിൽ യുപി സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രമനുസരിച്ചായിരുന്നു എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്തത്. അയോദ്ധ്യ എയർപോർട്ടിനായി 821 ഏക്കർ ഭൂമി യുപി സർക്കാർ വിട്ടുനൽകി. നിലവിൽ 2,200 മീറ്റർ നീളത്തിലാണ് റൺവേ നിർമ്മിച്ചിരിക്കുന്നത്. എ-321 ടൈപ്പ് എയർക്രാഫ്റ്റുകൾക്ക് ഇത് അനുയോജ്യമാണ്.