മുംബൈ: ഈ വർഷം മുംബൈ-പൂനെ എക്സ്പ്രസ്വേയിലെ റോഡപകടങ്ങളിൽ 23 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ റോഡപകടങ്ങളിൽ വൻ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 182 അപകടങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷം 140 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നൂതന നിരീക്ഷണ സംവിധാനങ്ങളും നിയന്ത്രണ സംവിധാനങ്ങളും ഉൾപ്പെടെയുള്ള മെച്ചപ്പെട്ട ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങൾ അപകടങ്ങൾ കുറയ്‌ക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. തത്സമയ ഡാറ്റ വിശകലനം പെട്ടെന്ന് തീരുമാനമെടുക്കാനും റോഡുകളിൽ തിരക്ക് കുറയ്‌ക്കാനും അപകടസാധ്യതകൾ ലഘൂകരിക്കാനും സഹായിച്ചു.
അതോടൊപ്പെം അപകടസാധ്യതയുള്ള നിർണായക പ്രദേശങ്ങൾ തിരിച്ചറിഞ്ഞ ശേഷം, ഗുരുതരമായ അപകടങ്ങൾ തടയാൻ അധികൃതർ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിരുന്നു. ഇത്തരത്തിൽ സംസ്ഥാന ഗതാഗത വകുപ്പ് നടപ്പാക്കിയ സുരക്ഷാസംവിധാനങ്ങളാണ് അപകടങ്ങൾ കുറയ്‌ക്കാൻ സഹായിച്ചത്.
വർധിച്ച പട്രോളിംഗ്, സ്പീഡ് ക്യാമറകൾ പോലുള്ള സാങ്കേതികവിദ്യ, നിയമലംഘനങ്ങൾക്ക് കർശനമായ പിഴകൾ എന്നിവയും അപകടങ്ങൾ കുറയാൻ കാരണമായി. കൂടാതെ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തലുകൾ, നവീകരിച്ച സൈനേജുകൾ, മെച്ചപ്പെട്ട വെളിച്ചം, ട്രാഫിക് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ ശ്രമങ്ങൾ സുരക്ഷിതമായ ഡ്രൈവിംഗിനും സഹായകരമായതായും അധികൃതർ അറിയിച്ചു.















