തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തൃശൂരിലെ മഹിളാസംഗമത്തിൽ കേരളത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹിളകൾ എത്തുമെന്നറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വനിതാസംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിക്കുള്ള കേരളത്തിലെ വനിതകളുടെ ആദരവാകും തൃശൂരിൽ പ്രകടമാവുകയെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്നും ബിജെപിയിലേക്ക് എത്തിയ നേതാക്കൾക്ക് പാർട്ടി അംഗത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനം കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും മോദിയുടെ വരവ് ചരിത്രപരമായ സന്ദർശനമാകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു. തൃശൂരിൽ സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ കേരളത്തിലെ സ്ത്രീസമൂഹത്തെ പ്രതിനിധീകരിക്കാൻ കലാ, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വനിതകൾ പങ്കെടുക്കും. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി ഉൾപ്പടെ സമ്മേളനത്തിന്റെ ഭാഗമാകും. തെന്നിന്ത്യയുടെ അഭിമാനമായ ചലിച്ചിത്ര നടി ശോഭനയും, വനിതാ സംരംഭക ബീനാ കണ്ണനും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ വേദി പങ്കിടുമെന്ന് സുരേന്ദ്രൻ അറിയിച്ചു. നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നൂറുകണക്കിന് ആളുകളാണ് ബിജെപിയിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ജില്ലാ സെക്രട്ടറി മനീഷ്കുമാർ ഉൾപ്പടെ നിരവധി പേരെ കെ.സുരേന്ദ്രൻ സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.















