അബുദാബി: ഇന്ത്യയിൽ ലുലുഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സഹായകമായത് ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളാണെന്ന് എം.എ. യൂസഫലി. പ്രവാസ ജീവിതത്തതിന് ഇന്ന് യൂസഫലി അരനൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്ന് അബുദാബിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇന്ത്യയിൽ ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ കാരണമായത്. നേരത്തെ രാജ്യത്ത് സ്ഥാപനങ്ങൾ ആരംഭിക്കാൻ സാധിക്കാത്ത അവസ്ഥ ആയിരുന്നു. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിച്ചപ്പോഴായിരുന്നു ഇതിൽ മാറ്റം സംഭവിച്ചതെന്നായിരുന്നു എം.എ. യൂസഫലി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
50 വർഷങ്ങൾക്ക് മുൻപാണ് യൂസഫലി ദുബായിൽ എത്തുന്നത്. തുടർന്ന് കുറെയേറെ വർഷം വെല്ലുവിളികൾ നിറഞ്ഞ ജീവിതമായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ആത്മസമർപ്പണത്തോടെയും അബുദാബിയിൽ ചെറിയ രീതിയിലായിരുന്നു എംഎ യൂസഫലി തന്റെ കച്ചവടത്തിന് ആരംഭം കുറിച്ചത്. ഇന്ന് 50 വർഷം പിന്നിടുമ്പോൾ 35,000 മലയാളികൾ ഉൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നുള്ള 69,000 ലധികം ആളുകൾക്ക് അദ്ദേഹം തൊഴിൽ നൽകുന്നുണ്ട്. ലുലു ഗ്രൂപ്പ് എന്ന വമ്പൻ സ്ഥാപനത്തിന്റെ മേധാവിയായി യൂസഫലി മാറി ചരിത്രം കുറിച്ചിരിക്കുകയാണ്.