ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ സംഭാഷണമായ ‘മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാനത്തെ എപ്പിസോഡിന് കാതോർത്തിരുന്നത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ. മൻ കി ബാത്ത് കേൾക്കാൻ മുസ്ലീം സമുദായത്തിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തവും വലിയ ശ്രദ്ധ പിടിച്ചുപ്പറ്റി. ഡൽഹിയിലെ ജുമാമസ്ജിദിന് സമീപമുള്ള മഹിളാ പാർക്കിൽ സംഘടിപ്പിച്ച പ്രത്യേക പ്രക്ഷേപണത്തിൽ പ്രധാനമന്ത്രിയുടെ ശബ്ദം കേൾക്കാൻ നൂറ് കണക്കിന് മുസ്ലീം സ്ത്രീകളാണ് എത്തിയത്.
ഇന്ത്യൻ മൈനോറിറ്റീസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രത്യേക സംപ്രേക്ഷണത്തിലാണ് മുസ്ലീം സ്ത്രീകൾ വൻ തോതിൽ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ സംഭാഷണം കേൾക്കാൻ ഡൽഹിയിലെത്തിയ സ്ത്രീകൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. “ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മൻ കി ബാത്ത്’ കേൾക്കാനാണ് ഇവിടെ ഒത്തുകൂടിയത്. ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രിയെ പിന്തുണയ്‌ക്കുന്നു. അദ്ദേഹത്തിന്റെ സർക്കാർ ചെയ്തതുപോലെ മറ്റാരും ഞങ്ങൾക്ക് വേണ്ടി ചെയ്തിട്ടില്ല. ‘മുത്തലാഖ്’ മുതൽ സാമൂഹ്യക്ഷേമ പദ്ധതികൾ വരെ അതിന് ഉദാഹരണമാണ്. അദ്ദേഹം ഞങ്ങളുടെ ‘ഭായ്ജാൻ’ ആണ്”- പ്രക്ഷേപണത്തിൽ പങ്കെടുത്തവരിൽ ഒരാളായ ഷബാന റഹ്മാൻ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ ‘മൻ കി ബാത്ത്’ പ്രസംഗം സ്ഥിരം കേൾക്കുന്ന ഒരാളാണ് താനെന്ന് പ്രത്യേക പ്രക്ഷേപണത്തിൽ പങ്കെടുത്ത നവാബ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മുസ്ലീം സമൂഹം, പ്രത്യേകിച്ച് സ്ത്രീകൾ കൈവരിച്ച മുന്നേറ്റങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യ അതിവേഗം വികസനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഒമ്പതര വർഷമായി, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ മുസ്ലീങ്ങൾ പുരോഗതി കൈവരിച്ചുവെന്നും അവർ സന്തുഷ്ടരാണെന്നും ഖുറേഷി വ്യക്തമാക്കി.