എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്മസ് ദിനത്തിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. സജി ചെറിയാനിൽ നിന്നും അത്രയും മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ക്രൈസ്തവർ ഏത് രാഷ്‌ട്രീയം സ്വീകരിക്കണമെന്നും ഏത് നിലപാട് സ്വീകരിക്കണമെന്ന് മറ്റ് രാഷ്‌ട്രീയ പാർട്ടികളല്ല തീരുമാനിക്കേണ്ടതെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
ഭരണഘടനയെ അപമാനിച്ചതിന്റെ പേരിൽ മന്ത്രി സ്ഥാനത്തുനിന്നും മാറി നിൽക്കേണ്ടിവന്ന വ്യക്തിയാണ് സജി ചെറിയാൻ. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെ അഭിസംബോധന ചെയ്യാൻ പ്രത്യേകം വാക്കുകൾ ഉപയോഗിക്കുന്നവരുടെ സ്‌കൂളിൽ നിന്നും പരിശീലനം നേടിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിൽ നിന്നും അത്രയും മാത്രമേ പ്രതീക്ഷിക്കുന്നുള്ളു. സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ലെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
ക്രൈസ്തവ വിഭാഗം രാജ്യത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി വിളിച്ചുചേർത്ത സൽക്കാരമായിരുന്നു അത്. അതിൽ രാഷ്‌ട്രീയം കാണേണ്ടതില്ല. നിഷേധാത്മക നിലപാട് സ്വീകരിക്കാൻ ക്രൈസ്തവ സഭകൾക്ക് സാധിക്കില്ല. പ്രധാനമന്ത്രി വിളിച്ച വിരുന്നിൽ പങ്കെടുക്കുക എന്നത് ക്രൈസ്തവർക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയാണെന്നും ജേക്കബ് പാലക്കാപ്പിള്ളി വ്യക്തമാക്കി.
ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്കും മുറിച്ചപ്പോൾ ബാക്കിയുള്ള കാര്യങ്ങളെല്ലാം മറന്നെന്നും മന്ത്രി പരിഹസിച്ചു. ഇതിന് മറുപടിയായിട്ടായിരുന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളിയുടെ പ്രതികരണം.