കോഴിക്കോട്: സിൽവർ ലൈൻ പ്രായോഗികമല്ലെന്ന ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന റെയിൽവേയുടെ നിലപാടിൽ അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വേഗതയേറിയ ട്രെയിൻ സർവീസ് വന്ദേഭാരതിലൂടെ സാധിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേരളത്തിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് ഒരു പുതിയ റെയിലും കേന്ദ്രം കൊണ്ടുവരില്ല. സിൽവർ ലൈൻ സംബന്ധിച്ച് തങ്ങളുടെ നിലപാട് റെയിൽവേ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുക്കൊണ്ട് ഒരു പുതിയ ലൈനും ഉണ്ടാക്കേണ്ടതില്ല. നിലവിലുള്ളതിൽ തന്നെ ആവശ്യമായ മാറ്റങ്ങൾ ചെയ്താൽ മതിയാകും. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ യാതൊരു പിന്തുണയുമില്ല. സിൽവർലൈൻ നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് താത്പ്പര്യമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















