ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബഡ്ജറ്റുകളിലും ഉൾപ്പടെ സാമ്പത്തിക സ്ഥിതി മറച്ചുവച്ച് വാഗ്ദാനങ്ങൾ നൽകുന്ന പശ്ചാത്തലത്തിലാണിത്. പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ സാമ്പത്തിക സ്ഥിതി പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനങ്ങൾ വീഴുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലെ സാമ്പത്തികാടിയന്തരാവസ്ഥ ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്.
മൂലധന നിക്ഷേപം വർദ്ധിപ്പിക്കണമെന്നും കടമെടുപ്പ് കുറയ്ക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.