ടോക്കിയോ: ജപ്പാനിൽ കനത്ത നാശം വിതച്ച് ഭൂകമ്പവും സുനാമിയും. മരിച്ചവരുടെ എണ്ണം 48 ആയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുതുവത്സരദിനത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 155 ഭൂമികുലുക്കങ്ങളായിരുന്നു. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു ആദ്യം രേഖപ്പെടുത്തിയത്. ശേഷം 6 തീവ്രത രേഖപ്പെടുത്തിയ നിരവധി ചലനങ്ങളുണ്ടായി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇഷികാവ മേഖലയിലാണ് ഏറ്റവുമധികം വിനാശം സംഭവിച്ചിരിക്കുന്നത്.
ആദ്യ ഭൂചലനം രേഖപ്പെടുത്തിയപ്പോൾ തന്നെ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ രാജ്യത്തെ 33,000 കുടുംബങ്ങൾ വൈദ്യുതി ലഭിക്കാതെ ദുരിതത്തിലാണ്. പ്രധാനപ്പെട്ട പല ഹൈവേകളും പ്രവർത്തനരഹിതമായി. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സൈനികർ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. രാജ്യത്ത് വ്യാപക നാശനഷ്ടമുണ്ടായെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു. വിനാശം സംഭവിച്ചതുമുതൽ 900 എമർജൻസി കോളുകളാണ് രക്ഷാപ്രവർത്തകരെ തേടിയെത്തിയത്. ദുരന്തബാധിതർക്ക് എല്ലാവിധ സഹായവും ലഭ്യമാക്കുമെന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.