ക്രിക്കറ്റും വിവാദങ്ങളും.. എത്രയോക്കെ ഒഴിച്ചുനിർത്തിയാലും ഇവർ ഒരിക്കലും ഇണപിരിയാറില്ല. പലവിധ വിവാദങ്ങളിലും കേസുകളിലും അകപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നവരും അറസ്റ്റിലായതുമായ നിരവധി ക്രിക്കറ്റർമാർ അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. അതിൽ പ്രമുഖർ ആരൊക്കേയാണെന്ന് നോക്കാം.
ഈ ലിസ്റ്റിൽ ഏറ്റവും ഒടുവിൽ കേട്ടപേര് നേപ്പാൾ ക്രിക്കറ്റർ സന്ദീപ് ലാമിച്ചാനെയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ താരത്തെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ശിക്ഷാ വിധി ഉടനെയുണ്ടാകും.
മുൻ പാകിസ്താൻ ക്യാപ്റ്റനും പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനാണ് മറ്റൊരു പ്രമുഖ ക്രിക്കറ്റർ. പ്രധാനമന്ത്രിയായിരിക്കെ രാജ്യത്തിന് ലഭിച്ച വിലപ്പിടിപ്പുള്ള സമ്മാനങ്ങൾ മറിച്ചുവിറ്റതിന് മൂന്ന് വർഷത്തെ തടവാണ് ഇമ്രാൻ ഖാന് കോടതി വിധിച്ചത്. 5 വർഷത്തേക്ക് രാഷ്ട്രീയത്തിൽ നിന്ന് വിലക്കുകയും ചെയ്തു.
ഇന്ത്യൻ വൈറ്ററൻ താരം അമിത് മിശ്ര അറസ്റ്റിലായത് ഹോട്ടൽ മുറിയിൽ യുവതിയെ അപമാനിച്ചതിനാണ്.മിസ്റ്റർ ഐപിഎല്ലെന്ന് വിളിപ്പേരുള്ള സുരേഷ് റെയ്നയും അറസ്റ്റിലായിട്ടുണ്ട്. 2020ൽ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് മുംബൈയിലാണ് താരം അറസ്റ്റിലായത്.
മലയാളി താരം എസ്. ശ്രീശാന്ത്. ഐപിഎല്ലിനിടെ വാതുവയ്പ്പ് കേസിലാണ് താരത്തെ പിടികൂടിയത്. മാസങ്ങളോളം തീഹാർ ജയിലിൽ കഴിയേണ്ടി വന്ന താരം പിന്നീട് തന്റെ നിരപരാധിത്വം കോടതി തെളിയിച്ച് ക്രിക്കറ്റിലെ വിലക്കും നീക്കിയിരുന്നു.
മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയും ഈ പട്ടികയിലുണ്ട്. വീട്ടിലെ ജോലിക്കാരിയെ അപമാനിച്ചതിനാണ് താരം അറസ്റ്റിലായത്. 2015ലായിരുന്നു സംഭവം.
കഞ്ചാവ് ഉപയോഗിച്ചതിന് അറസ്റ്റിലായ ആദ്യ ക്രിക്കറ്ററാണ് വസീം അക്രം. ഹോട്ടലിന് സമീപമുള്ള ബീച്ചിലിരുന്നു കഞ്ചാവ് ഉപയോഗിച്ചുവെന്നാണ് കേസ്. 1993 ൽ വിൻഡീസിലായിരുന്നു സംഭവം . അക്രത്തിനൊപ്പം വഖാർ യൂനിസും മുസ്താഖ് അഹമ്മദും അക്വിബ് ജാവേദും പിടിയിലായിരുന്നു.
പാകിസ്താന്റെ മികച്ച ബൗളർമാരിൽ ഒരാളായ മുഹമ്മദ് ആസിഫ്. 2010ൽ വാതുവയ്പ്പിന് പിടിയിലായിരുന്നു. താരത്തിന് ക്രിക്കറ്റിൽ നിന്ന് വിലക്കും ലഭിച്ചു. 2011 ലണ്ടൻ കോടതി ആസിഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ബംഗ്ലാദേശി പേസറായ റൂബെൽ ഹൊസൈൻ അറസ്റ്റിലായത് പീഡന കേസിലായിരുന്നു. നടി നസ്നിൻ അക്ടേർ ഹാപ്പി നൽകിയ പരാതിയിലാണ് താരം പിടിയിലായത്.