കേപ് ടൗണിൽ നാളെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ മൂന്നാം നമ്പറിൽ ആര് ക്രീസിലിറങ്ങുമെന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഓപ്പണിംഗിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ഗില്ലിന് മൂന്നാം നമ്പറിൽ തിളങ്ങാൻ സാധിക്കുന്നില്ല. ഇത് ചൂണ്ടിക്കാട്ടി മാദ്ധ്യമ പ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രോഹിത്. ഏത് പോസിഷനിൽ കളിക്കണമെന്ന് തീരുമാനിക്കുന്നത് താരങ്ങളാണെന്നാണ് രോഹിത് പറഞ്ഞത്.
മത്സരത്തിൽ ഏത് പൊസിഷനിൽ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഗിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ മൂന്നാമനായി ക്രീസിലിറങ്ങുന്നത് എന്നെ സംബന്ധിച്ച് വെറുക്കുന്ന കാര്യമാണ്. ഓപ്പണറാകുന്നതിന് മുമ്പ് മൂന്ന് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ബാറ്റർക്ക് അനുയോജ്യമായ ബാറ്റിംഗ് പൊസിഷൻ എന്നൊന്നില്ല.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണറുടെ വിക്കറ്റ് നഷ്ടമാകുകയോ പരിക്കേറ്റ് പുറത്തു പോകേണ്ടി വരികയോ ചെയ്താൽ മൂന്നാം നമ്പറിൽ ക്രീസിലിറങ്ങുന്ന താരം ഓപ്പണറായി തന്നെ കളത്തിലിറങ്ങേണ്ടി വരും. അതുകൊണ്ട് ഓപ്പണിംഗിൽ ഇറങ്ങുന്നതും മൂന്നാമനായി ഇറങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും രോഹിത് പറഞ്ഞു.