തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. കന്യാകുമാരി സ്വാമിയാർ മഠം സ്വദേശി സാമുവൽ രാജ് (18) നെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയുമാണ് ബാലരാമപുരം പോലീസ് അറസ്റ്റുചെയ്തത്. ബാലരാമപുരത്ത് നിന്ന് ഡിസംബർ 30നാണ് ഇരുവരും രണ്ട് ബൈക്കുകൾ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതി ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
സിസിടിവി ദൃശ്യങ്ങൾ കേന്ദീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമിഴ്‌നാട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച രണ്ട് ബൈക്കുകളും പ്രതികളുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിട്ടുണ്ട്. ആഡംബര ജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തുന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
എസ്.എച്ച്.ഒ വിജയകുമാർ, എസ്.ഐ ആന്റണി ജോസഫ് നെറ്റോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും എസ്.എച്ച്.ഒ. അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.