തിരുവനന്തപുരം; സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ കിട്ടാനില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ വരെ മരുന്നുക്ഷാമമാണ്. മരുന്നു കമ്പനികൾക്ക് രണ്ടുവർഷത്തെ കുടിശികയായ 500 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. ആരോഗ്യവകുപ്പിന്റെ ആവശ്യം പണമില്ലെന്ന് ചൂണ്ടിക്കാട്ടി ധനവകുപ്പ് പലതവണ മടക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എന്തുചെയ്യുമെന്ന കാര്യത്തിൽ ആരോഗ്യവകുപ്പിനും ഉത്തരമില്ല. പരാതി ഉയരുന്നിടത്ത് അന്വേഷണം പ്രഖ്യാപിച്ച് തടിയൂരുകയാണ് നിലവിലെ രീതി.
പ്രമേഹ രോഗികൾക്കുള്ള ഇൻസുലിനും മെറ്റ്ഫോർമിനും ഗ്ലിമി പ്രൈഡ്, രക്താതി സമ്മർദ്ദം കുറയ്‌ക്കാനുള്ള ആംലോ, ഇൻഫെക്ഷനുള്ള അസിത്രോമൈസിൻ, അസിഡിറ്റി കുറയ്‌ക്കാനുള്ള പാന്റോപ്രസോൾ,രക്തം കട്ടപിടിക്കാതിരിക്കാനുള്ള ക്ലോപിഡ്രോഗൽ തുടങ്ങി നിരവധി മരുന്നുകളും ഹൃദ്രോഗം പക്ഷാഘാതം എന്നിവയ്‌ക്കുള്ള മരുന്നുകളും പല ആശുപത്രിയിലും കിട്ടാക്കനിയാണ്.
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് മരുന്ന് വിതരണത്തിന്റെ ചുമതല. ധന വകുപ്പ് പണം നൽകിയില്ലെങ്കിൽ മാർച്ചുവരെ മരുന്നു ക്ഷാമം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മൂന്ന് ഘട്ടങ്ങളായി കമ്പനികളിൽ നിന്ന് വാങ്ങിയ മരുന്നിന് പണം നൽകിയിട്ടില്ല. മരുന്ന് ക്ഷാമം ഇല്ലെന്ന പതിവ് പല്ലവിയാണ് ആരോഗ്യ മന്ത്രി വീണ ജോർജ് ആവർത്തിക്കുന്നത്.















