ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കൊളറാഡോ സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിന് നേരെ നടന്ന ആക്രമണത്തിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ട്രംപിനെ കോടതി വിലക്കിയത്.
മെയിൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസിന്റെ വിധി തള്ളിക്കളയണമെന്നാണ് ട്രംപിന്റെ അഭിഭാഷകർ മെയ്ൻ സുപ്പീരിയർ കോടതിയോട് അഭ്യർത്ഥിച്ചത്. പക്ഷപാതപരമായ തീരുമാനമാണ് ഷെന്ന ബെല്ലോസിന്റെ വിധിയിൽ പ്രതിഫലിക്കുന്നതെന്നും അഭിഭാഷകർ പറയുന്നു. കലാപത്തിലോ അക്രമത്തിലോ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ അധികാര സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന യുഎസ് ഭരണഘടനയുടെ വ്യവസ്ഥ പ്രകാരമാണ് ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് അക്രമത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ ഒരു പ്രസിഡന്റ് സ്ഥാനാർത്ഥി അയോഗ്യനാക്കപ്പെടുന്നത്.
യുഎസ് ക്യാപിറ്റോളിന് നേരെയുണ്ടായ ആക്രമണം അന്ന് സ്ഥാനം നഷ്ടപ്പെട്ട ട്രംപിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്നാണ് ഷെന്ന ബെല്ലോസ് ചൂണ്ടിക്കാട്ടിയത്. ”ആക്രമണത്തിനുള്ള നിർദ്ദേശം നൽകിയത് ട്രംപ് ആണ്. യുഎസ് ഗവൺമെന്റിന് നേരെയുള്ള ഒരു ആക്രമണവും വച്ചു പൊറുപ്പിക്കില്ലെന്നും” ബെല്ലോസ് പറഞ്ഞിരുന്നു.