കൊച്ചി: ഭാര്യയോട് ലൈംഗിക വൈകൃതം കാണിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമാണെന്ന് ഹൈക്കോടതി. അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നാണ്, ഹർജിക്കാരിയായ യുവതിക്ക് വിവാഹമോചനം അനുവദിച്ച് കൊണ്ട് കോടതി ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസുമാരായ അമിത് റാവൽ, സി.എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
വിവാഹമോചനം അനുവദിക്കണമെന്ന കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്താണ് എറണാകുളം സ്വദേശിനിയായ യുവതി ഹൈക്കോടതിയെ സമീപിക്കുന്നത്. 2009ലായിരുന്നു പരാതിക്കാരിയായ യുവതിയുടെ വിവാഹം. വിദേശത്ത് ജോലിയുള്ള ഭർത്താവ് അവിടേക്ക് പോകുന്നത് വരെ തന്നെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയയാക്കിയെന്നാണ് യുവതി പരാതിയിൽ ആരോപിച്ചിരുന്നത്. അശ്ലീലസിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചുവെന്നും, ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയെന്നും എതിർത്തപ്പോൾ ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
ബന്ധം തുടരാൻ താത്പര്യമില്ലെന്ന് കാട്ടി കുടുംബകോടതിയെ സമീപിച്ചെങ്കിലും വിവാഹമോചനം ലഭിച്ചില്ല. യുവതിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും, വിവാഹമോചനം കിട്ടാനുള്ള വെറും ആരോപണം മാത്രമാണ് ഉന്നയിക്കുന്നതെന്നുമായിരുന്നു ഭർത്താവിന്റെ വാദം. ഇതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്.