ന്യൂയോർക്ക്: വിമാനത്തിന്റെ എഞ്ചിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ ഉട്ടയിലുള്ള സാൾട്ട് ലേക്ക് സിറ്റി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. യുഎസ് പൗരനായ 30-കാരൻ കൈലറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യാത്രക്കാരുമായി വിമാനം പറന്നുയരാൻ പോകുന്നതിന് തൊട്ടുമുമ്പായിരുന്നു കൈലറിനെ ബോധരഹിതനായ നിലയിൽ എഞ്ചിനരികിൽ നിന്നും കണ്ടെത്തിയത്. ശൈത്യകാലമായതിനാൽ ഐസ് ഉരുകുന്നതിന് വേണ്ടി ഡി-ഐസിംഗ് പാഡിലായിരുന്നു വിമാനം നിർത്തിയിട്ടിരുന്നത്. എഞ്ചിൻ പ്രവർത്തിക്കുന്നുമുണ്ടായിരുന്നു.
ഡെൻവറിലേക്ക് ടിക്കറ്റെടുത്ത് ബോർഡിംഗ് പാസ് കരസ്ഥമാക്കി വിമാനത്തിനകത്തേക്ക് പ്രവേശിച്ച ശേഷം എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് പ്രവേശിച്ച യുവാവ് എഞ്ചിനകത്തേക്ക് ചാടിക്കയറുകയായിരുന്നുവെന്നാണ് വിവരം. എമർജൻസി എക്‌സിറ്റിലൂടെ യുവാവ് പുറത്തേക്ക് കടക്കുന്നത് എയർപോർട്ട് അധികൃതർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ യുവാവിന്റെ വസ്ത്രങ്ങളും ഷൂസും റൺവേയിൽ നിന്നും കണ്ടെത്തി. പിന്നീട് എഞ്ചിന് സമീപം കിടക്കുന്ന കൈലറിനെയാണ് അധികൃതർ കണ്ടത്. ഉടൻ തന്നെ എഞ്ചിൻ ഓഫാക്കാൻ പൈലറ്റിന് നിർദ്ദേശം നൽകി.
കൈലറിന് പ്രാഥമിക ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും യുവാവ് മരിച്ചെന്ന് തിരിച്ചറിയുകയായിരുന്നു. ശേഷം വിമാനത്തിലെ യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി. യുവാവിന്റെ മരണകാരണം ഇതുവരെയും വ്യക്തമല്ല. കൈലറിന് കഴിഞ്ഞ പത്ത് വർഷമായി മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പിതാവ് അറിയിച്ചു.















