കൊൽക്കത്ത: സ്വന്തം പാർട്ടിക്കുള്ളിലെ നേതാക്കൾ അഴിമതിയും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നവരാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംഎൽഎ മനോരഞ്ജൻ ബ്യാപാരി. ഈ വെളിപ്പെടുത്തലിലൂടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സർക്കാർ തന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും മനോരഞ്ജൻ ആവശ്യപ്പെട്ടു.
” അഴിമതിക്കെതിരെയാണ് നിങ്ങളുടെ പോരാട്ടമെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് ശത്രുക്കളും ഉണ്ടാകും. കാലിക്കടത്തുകാർക്കെതിരെയും കൽക്കരി മാഫിയയ്‌ക്കെതിരെയും ഞാൻ ശബ്ദം ഉയർത്തിയാൽ അവർ എന്നെ ആക്രമിച്ചേക്കാം. എന്നാൽ ഈ നാട്ടിലെ ആളുകൾ അവർക്ക് ചുറ്റും നടക്കുന്ന അഴിമതികളെ കുറിച്ച് അറിയണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഞാൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് ഇട്ടത്. ഇനി എനിക്ക് എന്തും സംഭവിക്കാം. എന്റെ സുരക്ഷയുടെ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നും” മനോരഞ്ജൻ പറയുന്നു.
സുരക്ഷാകാരണങ്ങളാൽ ഇപ്പോൾ സ്വന്തം മണ്ഡലത്തിലേക്ക് പോകാനാകാത്ത സാഹചര്യമാണെന്നും എംഎൽഎ പറയുന്നു. തന്റെ നിയമസഭാ മണ്ഡലത്തിനുള്ളിൽ പ്രാദേശിക നേതാക്കൾ നടത്തുന്ന അഴിമതിയെ കുറിച്ചും ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ചും പാർട്ടിക്ക് വ്യക്തമായി അറിയാമെന്നും, എന്നാൽ യാതൊരു നടപടിയും പാർട്ടി ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടില്ലെന്നും മനോരഞ്ജൻ ആരോപിച്ചു.
ചില തൃണമൂൽ നേതാക്കൾ അഴിമതി നടത്തുന്നവരാണെന്ന ബംഗാൾ മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മനോരഞ്ജനും ഇക്കാര്യത്തിൽ തുറന്നു പറച്ചിലുമായി രംഗത്തെത്തിയത്. എന്നാൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെട്ടുവെന്നും, എല്ലാവരും അത്തരക്കാരല്ലെന്നുമാണ് ഫിർഹാദ് പറഞ്ഞത്.















