ഒമ്പത് വർഷങ്ങൾക്ക് ശേഷം സംവിധായകൻ സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്നു. 2015-ൽ റീലിസ് ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലൂടെ ഇരുവരും ഒരുമിക്കുന്നുവെന്ന വാർത്ത സത്യൻ അന്തിക്കാട് പങ്കുവച്ചത്.
സ്‌ക്രിപ്റ്റ് വർക്കുകൾ ആരംഭിച്ചു. അത് നാല് -അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാകും. സാധാരണക്കാരന്റെ കഥയാണ് മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിലൂടെ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുക.
‘സാധാരണക്കാരനായുള്ള മോഹൻലാലിന്റെ അഭിനയം ആളുകൾ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് നേരിന്റെ വിജയം. ഞങ്ങളുടെ മറ്റ് സിനിമകൾ പോലെ തന്നെയാകും ഇതും. പക്ഷേ ഒരു പുതിയ ട്രീറ്റ്മെന്റുണ്ടായിരിക്കും,’ സംവിധായകൻ കൂട്ടിച്ചേർത്തു. ഉടൻ തന്നെ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.