മൊബൈൽഫോണില്ലാതെ ഒരു ദിവസം ചെലവഴിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? അങ്ങനെ സ്വപ്‌നം പോലും കാണാൻ ഇഷ്ടമില്ലാത്തവരായിരിക്കും നമ്മിൽ പലരും. എഴുന്നേൽക്കുമ്പോൾ ചൂടു ചായ കുടിക്കുന്നതിനൊപ്പം പത്രം വായിക്കുമ്പോൾ കിട്ടുന്ന സുഖം വേറെ തന്നെയാണെന്ന് പലപ്പോഴും പഴമക്കാർ പറഞ്ഞു കേട്ടിരിക്കും. എന്നാൽ ഇന്ന് മുതിർന്നവരെന്നോ കുട്ടികളെന്നോ വേർത്തിരിവില്ലാതെയാണ് മൊബൈൽഫോണിൽ അടിമപ്പെടുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ മെസേജുകളിലൂടെ കണ്ണോടിച്ചില്ലെങ്കിൽ പലർക്കും ഉന്മേഷക്കുറവ് പോലും അനുഭവപ്പെടാറുണ്ട്. മാതാപിതാക്കൾക്കും മക്കൾക്കും പരസ്പരം സംസാരിക്കാനുള്ള അവസരമാണ് മൊബൈൽഫോണുകൾ ഇല്ലാതാക്കുന്നത്. മൊബൈൽഫോൺ എന്ന ചെറിയ വസ്തുവിൽ നാം അടിമപ്പെടുന്നുവെന്നതിന്റെ സൂചനയാണിത്. ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. അത്തരത്തിൽ മൊബൈൽഫോണിന്റെ ഉപയോഗം കുറയ്‌ക്കാൻ കിടിലൻ മാർഗവുമായി എത്തിയിരിക്കുകയാണ് മഞ്ജു ഗുപ്ത എന്ന യുവതി.
കുടുംബാംഗങ്ങളുടെ മൊബൈൽഫോൺ ഉപയോഗം കുറയ്‌ക്കുന്നതിനായി ഒരു കരാറിൽ കുടുംബാംഗങ്ങളെ കൊണ്ടുതന്നെ ഒപ്പുവപ്പിച്ചിരിക്കുകയാണ് യുവതി. മൂന്ന് നിബന്ധനകളാണ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഉറക്കം ഉണർന്നാൽ ഫോൺ നോക്കുന്നതിനു പകരം എല്ലാവരും സൂര്യനെ നോക്കി കുറച്ചു നേരം പ്രാർത്ഥിക്കണം, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഫോൺ 20 അടി ദൂരം മാറ്റിവയ്‌ക്കുകയും ചെയ്യണം, ബാത്ത്‌റൂമിൽ പോകുമ്പോൾ ഫോൺ ഒപ്പം കൊണ്ടുപോകുന്നത് ഒഴിവാക്കണം തുടങ്ങിയവയാണ് കരാറിലെ നിബന്ധനകൾ.
കരാർ ലംഘിക്കുകയാണെങ്കിൽ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള അവസരം ഉണ്ടാവില്ലെന്നും കരാറിൽ എഴുതിയിട്ടുണ്ട്. മഞ്ജുവിന്റെ കരാർ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് ഇത്തരത്തിലൊരു കരാർ ഇന്നത്തെ കാലത്ത് ആവശ്യകതയാണെന്നുള്ള തരത്തിൽ അഭിപ്രായങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്.















