ജയ്പൂർ: രാജസ്ഥാനിൽ നിന്ന് അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസിനൊരുങ്ങി വടക്കു പടിഞ്ഞാറൻ റെയിൽവേ (നോർത്ത് വെസ്റ്റേൺ റെയിൽവേ ). രാമ ജന്മഭൂമിയുമായി ബന്ധിപ്പിക്കുന്ന മൂന്നോ നാലോ പ്രത്യേക ട്രെയിനുകളായിരിക്കും സംസ്ഥാനത്ത് റെയിൽവേ അവതരിപ്പിക്കുകയെന്നാണ് സൂചന. സർവീസുകൾ നടത്തുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം
സർവീസിന് അനുമതി ലഭിക്കുന്ന മുറയ്‌ക്കായിരിക്കും നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക. അജ്മീറിൽ നിന്ന് ബന്ദികുയി, ആഗ്ര വഴി അയോദ്ധ്യയിലേക്ക്, ജോധ്പൂരിൽ നിന്ന് ജയ്പൂർ, അൽവാർ, റെവാരി വഴി അയോദ്ധ്യയിലേക്ക്, ഉദയ്പൂരിൽ നിന്ന് ജയ്പൂർ, ദൗസ, അൽവാർ വഴി അയോദ്ധ്യയിലേക്കുമാകും സർവീസ് എന്നാണ് പുറത്തുവരുന്ന വിവരം.രാജസ്ഥാനിലെ ചില സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ഹരിയാനയിലെ ഹിസാറിൽ നിന്ന് അയോദ്ധ്യയിലേക്കും ട്രെയിൻ സർവീസുണ്ടാകും. ഐആർസിടിസിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോദ്ധ്യയിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്താൻ പദ്ധതിയിടുന്നുണ്ട്.