മാലാദ്വീപ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അധിക്ഷേപിച്ച മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ. മന്ത്രിമാരായ മറിയം ഷിയുന, മൽഷ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മന്ത്രിമാരെ താക്കീത് ചെയ്തതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
‘ലോക നേതാക്കൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെ പറ്റി മാലിദ്വീപ് സർക്കാരിന് അറിയാം. ഈ അഭിപ്രായങ്ങൾ വ്യക്തിപരമാണ്. മാലിദ്വീപ് സർക്കാരിന്റെ നിലപാടുകളെയോ അഭിപ്രായങ്ങളേയോ പ്രതിനിധീകരിക്കുന്നതല്ല. ജനാധിപത്യപരമായും ഉത്തരവാദിത്തത്തോടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തണം. വിദ്വേഷ പരാമർശങ്ങൾ നടത്തി അന്താരാഷ്‌ട്ര ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്‌ത്തരുത്. ഇത്തരക്കാർക്കെതിരെ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുമെന്നായിരുന്നു മാലി സർക്കാർ അറിയിച്ചത്.
നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ മാലദ്വീപ് മന്ത്രി അബ്ദുള്ള മഹ്സൂം മാജിദ് ഇന്ത്യ തങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന് എക്സിൽ പോസ്റ്റ് ഇട്ടതാണ് വിവാദമായത്. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശത്തേക്കുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ദ്വീപിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമായിരുന്നു. ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളെ അധിക്ഷേപിച്ചായിരുന്നു മാലിദ്വീപ് മന്ത്രിമാരുടെ പരാമർശം.