ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെന്റിച്ച് ക്ലാസൻ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നാണ് താരം പൊടുന്നനെ വിരമിക്കൽ പ്രഖ്യാപിച്ചത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടരുമെന്നും ക്ലാസൻ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഐപിഎൽ അടക്കമുള്ള ടി20 ലീഗുകളിൽ ശ്രദ്ധ പതിപ്പിക്കാനാണ് പുതിയ തീരുമാനമെന്ന് സൂചന.
ഡീൻ എൽഗർ വിരമിക്കൽ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പ്രോട്ടീസിനെ ഞെട്ടിച്ച അടുത്ത പ്രഖ്യാപനം. 32-ാം വയസിലാണ് ക്ലാസൻ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നത്. 2019 നും 2023 നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ ഭാഗമായിരുന്നു ക്ലാസന്‍. ഈ നാല് ടെസ്റ്റ് മത്സരങ്ങളില്‍നിന്നും 104 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.വിന്‍ഡീസിനെതിരായ പരമ്പരയിലാണ് അദ്ദേഹം അവസാനം ടെസ്റ്റില്‍ കളിച്ചത്.വെസ്റ്റ് ഇന്‍ഡീസിനെതിരെ നാല് ഇന്നിംഗ്സുകളില്‍ നിന്നായി 56 റണ്‍സാണ് ക്ലാസന്‍ നേടിയത്.
‘ചില ഉറക്കമില്ലാത്ത രാത്രികൾക്ക് ശേഷമാണ് ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുത്തത്. എനിക്കേറെ ഇഷ്ടമുള്ള ഫോർമാറ്റിൽ നിന്ന് വിരമിക്കാനെടുത്ത തീരുമാനം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇതൊരു നല്ല യാത്രയായിരുന്നു. ദക്ഷിണാഫ്രിക്കയെ ടെസ്റ്റിൽ പ്രതിനിധീകരിക്കാനായതിൽ ഭാഗ്യവാനാണ്. എന്റെ ബാഗി ഗ്രീൻ ക്യാപ്പാണ് കരിയറിലെ വിലമതിക്കാനാകാത്ത തൊപ്പി”- ക്ലാസൻ പറഞ്ഞു.