ജയറാം നായകനായെത്തുന്ന ഓസ്‍ലർ തീയേറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിൽ മമ്മൂട്ടിയുമുണ്ടെന്ന തരത്തിൽ ചർച്ചകൾ കുറച്ച് ദിവസമായി സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നുണ്ട്. രണ്ട് ദിവസം മുൻപ് ജയറാമും താൻ സെറ്റിൽ മമ്മൂട്ടിയെ കണ്ടിട്ടില്ലെന്ന് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ.
ട്രെയിലറിലെ അവസാനത്തെ ഭാഗത്തെ ശബ്ദം മമ്മൂട്ടിയുടേതാണെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. എന്നാൽ, അത് സൗണ്ട് മിക്സിങ് എഞ്ചിനിയർക്ക് എന്തോ തെറ്റ് പറ്റിയതാണെന്നും ട്രെയ്ലർ ഇറങ്ങി കഴിഞ്ഞപ്പോഴാണ് താനും ഇത് ശ്രദ്ധിച്ചതെന്നുമാണ് മിഥുൻ മാനുവൽ പറയുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മിഥുൻ മാനുവൽ.
‘അത് സൗണ്ട് മിക്സിങ് എഞ്ചിനിയർക്ക് എന്തോ തെറ്റ് പറ്റിയതാണ്. ഞാനും ട്രെയ്ലർ ഇറങ്ങി കഴിഞ്ഞപ്പോഴാണ് അതറിയുന്നത്. അതൊരു ടെക്നികൽ ഗ്ലിച്ചാണ്. എവിടെ നിന്നോ കയറി വന്നതാണ് ആ സൗണ്ട്. ഇനിയിപ്പോൾ രണ്ട് മൂന്ന് ദിവസം കൂടെയല്ലേയുള്ളൂ. നിങ്ങൾ സിനിമ കണ്ട് നോക്ക്. ഗ്ലിച്ചാണോ ഗ്ലിച്ചല്ലേ എന്ന് പ്രേക്ഷകർക്ക് തന്നെ സ്വയം വിലയിരുത്താമല്ലോ.
ഞാനും ജയറാമേട്ടനും ഒരു അമ്പത്തിയേഴ് ദിവസം ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്നു ഞങ്ങൾ മമ്മൂക്കയെയൊന്നും കണ്ടില്ല. ഇനി ആ സമയത്തെങ്ങാനും മമ്മൂക്ക വന്ന് അഭിനയിച്ചിരുന്നോ എന്നെനിക്കറിയില്ല. സംവിധായകനും ഹീറോയും അറിഞ്ഞിട്ടില്ല മമ്മൂക്ക വന്നിട്ടുണ്ടോയെന്ന്.’-മിഥുൻ മാനുവൽ പറഞ്ഞു.















