രഞ്ജി ട്രോഫി ടൂർണമെന്റിൽ റെക്കോർഡുമായി അസം നായകൻ റിയാൻ പരാഗ്. രഞ്ജി ട്രോഫിയിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി നേടിയ താരമെന്ന നേട്ടത്തിനാണ് റിയാൻ അർഹനായത്. മത്സരത്തിൽ 56 ബോളിലാണ് റിയാൻ പരാഗ് സെഞ്ച്വറി നേടിയത്. മത്സരത്തിൽ 87 പന്തിൽ നിന്ന് 155 റൺസാണ് താരം നേടിയത്. ഇതിൽ 12 സിക്‌സറുകളും 11 ബൗണ്ടറികളും ഉൾപ്പെടും. 2016-ൽ 48 ബോളിൽ നിന്ന് ജാർഖണ്ഡിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയ ഋഷഭ് പന്താണ് റെക്കോർഡ് ലിസ്റ്റിൽ ഒന്നാമൻ.
റിഷഭ് പന്ത്(48), നമൻ ഓജ(69), ഏകലവ്യ ത്രിവേദി(72), എന്നിവരാണ് നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റ് താരങ്ങൾ. രണ്ടാം ഇന്നിംഗ്‌സിൽ താരം സെഞ്ച്വറിയടിച്ച് തിളങ്ങിയെങ്കിലും അസം മത്സരത്തിൽ 10 വിക്കറ്റിന് തോറ്റു. ആദ്യ ഇന്നിംഗ്‌സിൽ ഛത്തീസ്ഗഡ് 327 റൺസടിച്ചപ്പോൾ അസമിന് 159 റൺസേ നേടാനായിരുന്നുള്ളു. രണ്ടാം ഇന്നിംഗ്‌സിൽ പരാഗ് ഒറ്റക്ക് അസമിനെ 254 റൺസിലെത്തിച്ചെങ്കിലും വിജയലക്ഷ്യമായ 87 റൺസ് ഛത്തീസ്ഗഡ് വിക്കറ്റ് നഷ്ടപ്പെടാതെ അടിച്ചെടുത്തു.