നരേന്ദ്രമോദി രാഹുലിനേക്കാൾ ജനകീയനെന്ന് പറഞ്ഞു; കാർത്തി ചിദംബരത്തിന് കാരണംകാണിക്കൽ നോട്ടീസ് നൽകി കോൺഗ്രസ്; 10 ദിവസത്തിനകം വിശദീകരണം നൽകണം

Published by
Janam Web Desk

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുലിനേക്കാൾ ജനകീയനാണെന്ന് അഭിപ്രായപ്പെട്ട കാർത്തി ചിദംബരം എംപിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോൺഗ്രസ്. തമിഴ് വാർത്താ ചാനൽ തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കോൺഗ്രസിനെ വെട്ടിലാക്കിക്കൊണ്ടുള്ള കാർത്തിയുടെ പരാമർശം. ജനകീയതയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുന്നിലെന്നും രാഹുൽ വളരെ പിന്നിലാണെന്നുമായിരുന്നു കാർത്തിയുടെ പ്രതികരണം. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.

ഇതേ അഭിമുഖത്തിൽ തന്നെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യതയെ കുറിച്ചും അദ്ദേഹം അനുകൂല പരാമർശം നടത്തി. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിൽ നിന്നും വ്യതിചലിച്ചു എന്നാരോപിച്ചാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. കെആർ. രാമസ്വാമി അദ്ധ്യക്ഷനായ സമിതിയാണ് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. 10 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.

തമിഴ്‌നാട് പിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക് കാർത്തി ചിദംബരത്തിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു. പൊതു തിരഞ്ഞെടുപ്പിന് മുമ്പായി കാർത്തി സംസ്ഥാന ഘടകത്തിന്റെ അദ്ധ്യക്ഷനാകുമെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ കാർത്തിയുടെ പരാമർശം ഇതിനുള്ള സാദ്ധ്യതകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. കാർത്തിയുടെ പരാമർശം ചെറുതല്ലാത്ത ഭിന്നതയാണ് തമിഴ്‌നാട് കോൺഗ്രസിൽ സൃഷ്ടിച്ചിരിക്കുന്നത്.

 

 

 

 

Share
Leave a Comment