പൂർണമായ തദ്ദേശീയമായി നിർമ്മിച്ച റൈഫിൾ പുറത്തിറക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ (DRDO). ഇന്ത്യൻ സൈന്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഭാര കുറഞ്ഞ റൈഫിളായ ‘ഉഗ്രം’ ആണ് ഡിആർഡിഒ പുറത്തിറക്കിയത്. നാല് കിലോഗ്രാമിൽ താഴെയാണ് ഇതിന്റെ ഭാരം.
ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്സ് (എആർഡിഇ) എന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് ഉഗ്രം വികസിപ്പിച്ചത്. റെക്കോർഡ് വേഗത്തിലാണ് ആയുധം വികസിപ്പിക്കാൻ സാധിച്ചതെന്ന് ഡിആർഡിഒ പറഞ്ഞു. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന റൈഫിളാണ് ഉഗ്രം എന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രതികൂലമായ ആക്രമണ സാഹചര്യങ്ങളെ ചെറുക്കുന്നതിനും മികച്ച പ്രവർത്തനം ഉറപ്പുവരുത്തുന്നതിനുമായി സ്റ്റീലിലാണ് നിർമ്മാണം.
റൈഫിളിന്റെ മാതൃക ആഭ്യന്തരമന്ത്രിക്കും മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കും അയച്ചിട്ടുണ്ടെന്നും സ്വതന്ത്ര വിദഗ്ധ സമിതിയുടെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാകും ഇവ വിന്യസിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. 7.62 x 51mm അസോൾട്ട് റൈഫിളിന്റെ പ്രോട്ടോടൈപ്പ് ARDE ഡയറക്ടർ എ രാജുവിന്റെ സാന്നിധ്യത്തിൽ ഡയറക്ടർ ജനറൽ ഡോ എസ്വി ഗേഡാണ് അനാച്ഛാദനം ചെയ്തത്.