ഗാന്ധിനഗർ: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ജിഡിപിയിലും ആളോഹരി വരുമാനത്തിലും ഉണ്ടായ വളർച്ച സമാനതകളില്ലാത്തതാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഭൗമരാഷ്‌ട്രീയ പ്രശ്നങ്ങൾക്കും മഹാമാരികൾക്കുമിടയിലാണ് രാജ്യം ഈ നേട്ടം കൈവരിച്ചതെന്ന് അദ്ദേഹം പ്രശംസിച്ച് കോണ്ട് പറഞ്ഞു.
2014 മുതൽ ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ 185 ശതമാനത്തിന്റെ വർദ്ധവനാണുണ്ടായത്. ആളോഹരി വരുമാനത്തിൽ 165 ശതമാനത്തിന്റെ വർദ്ധനവും രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാധാരണമായ ദർശനത്തിന്റെ അതിശയിപ്പിക്കുന്ന ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയുടെ വേദിയിലായിരുന്നു അദാനിയുടെ പ്രശംസ.
ഇന്ത്യയെ നിക്ഷേപകരുടെയും വ്യവസായ പ്രമുഖരുടെയും ഇഷ്ടയിടമാക്കി മാറ്റാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. സൂക്ഷ്മമായ ഭരണവും കുറ്റമറ്റ നിർവ്വഹണവും രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു. ഇന്ത്യയുടെ വ്യാവസായിക ഭൂപ്രകൃതിയെ പുനർനിർമ്മിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും മത്സരിച്ചും സഹകരിച്ചും മുന്നേറുമ്പോൾ അത് രാജ്യവ്യാപകമായ ഒരു പ്രസ്ഥാനത്തിന് തിരികൊളുത്തി. 2024-ലെ എഡിഷനിൽ ഏകദേശം 30,000 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
2003-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി ആരംഭിച്ചത്. ഗുജറാത്തിനെ വ്യാപാര-വ്യവസായ മേഖലകളിൽ ആഗോള നേതാവായി ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് ഉച്ചകോടി ആരംഭിച്ചത്. “ഭാവിയിലേക്കുള്ള കവാടം” എന്നതാണ് ഈ വർഷത്തെ ത്രിദിന ഉച്ചകോടിയുടെ പ്രമേയം.